ജി 20 കൺവെൻഷൻ, അതിഥികളെ വരവേൽക്കാൻ കുമരകം.

Tuesday 07 March 2023 12:01 AM IST

കോട്ടയം . ജി 20 കൺവെൻഷനെത്തുന്ന അതിഥികളെ വരവേൽക്കാൻ കുമരകം തയ്യാറെടുക്കുന്നു. ഈ മാസം 30ന് ആരംഭിക്കുന്ന സമ്മേളനത്തിൽ 200 ഓളം പ്രതിനിധികളും സഹായികളും ഉൾപ്പെടെ 400 ഓളം പേർ പങ്കെടുക്കും. കവണാറ്റിൻകരയിലെ കെ.ടി.ഡി.സി വാട്ടർ സ്കേപ്സിൽ 10,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള എ.സി ഹാളാണ് ഇവർക്കായി സജ്ജമാക്കുന്നത്. ഇവിടെ നിർമ്മിക്കുന്ന പുതിയ ബോട്ട് ജെട്ടിയുടെയും ആഹാരശാലയുടെയും നിർമ്മാണം രണ്ടാഴ്ചക്കുള്ളിൽ പൂർത്തിയാക്കും. അതിഥികൾക്ക് കുമരകം സൂരി റിസോർട്ട്, ലേയ്ക്ക് റിസോർട്ട് ,താജ് ഹോട്ടൽ, കോക്കനട്ട് ലഗൂൺ എന്നിവിടങ്ങളിൽ താമസ സൗകര്യം ഒരുക്കും. പ്രത്യേക സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ഈ റിസോർട്ടുകളിൽ 28 മുതൽ വിനോദസഞ്ചാരികൾക്ക് പ്രവേശനാനുമതി ഉണ്ടായിരിക്കില്ല. സമ്മേളന പ്രതിനിധികളുടെ കായൽ യാത്രയുടെ സുരക്ഷയ്ക്കായി പ്രദേശവാസികളായ 14 മത്സ്യത്തൊഴിലാളികൾക്ക് ഫയർഫോഴ്സ് പരിശീലനം നൽകി. 5 മിനിട്ടുവരെ കായലിന്റെ അടിത്തട്ടിൽ മുങ്ങിത്തപ്പാൻ കഴിവുള്ളവരാണ് ഇവർ. മുൻ പഞ്ചായത്ത് അംഗം കെ.കെ.രാരിച്ചൻ ഇവർക്ക് നേതൃത്വം നൽകും. കുമരകത്ത് 5 - ജി സേവനം ലഭ്യമാക്കാൻ സ്വകാര്യ കമ്പനികൾക്ക് ഒപ്പം ബി എസ് എൻ എല്ലും പ്രവർത്തനം തുടങ്ങി. കുമരകത്തെ വൈദ്യുതിലൈനുകൾ ഉയരം കൂടിയ പോസ്റ്റുകൾ നാട്ടി സുരക്ഷിതമാക്കാനുള്ള പ്രവർത്തനവും നടക്കുന്നു. പ്രധാന സ്ഥലങ്ങളിലെല്ലാം വഴിവിളക്കുകളും പ്രകാശിപ്പിക്കും. റിസോർട്ടുകളെ ബന്ധിപ്പിക്കുന്ന പഞ്ചായത്ത് റോഡുകളെല്ലാം സഞ്ചാരയോഗ്യമാക്കും.