ത്രിപുരയിൽ മുഖ്യമന്ത്രിസ്ഥാനത്ത് മണിക് സാഹ തന്നെ, സത്യപ്രതിജ്ഞ ബുധനാഴ്‌ച

Monday 06 March 2023 7:22 PM IST

അഗർത്തല: ബിജെപി കേവലഭൂരിപക്ഷം നേടിയ ത്രിപുരയിൽ മുഖ്യമന്ത്രിയായി മണിക് സാഹ തന്നെ തുടരും. ബിജെപി നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനമുണ്ടായത്. പാർട്ടി എംഎൽഎമാർ ഐകകണ്ഠേന സാഹയെ തിരഞ്ഞെടുക്കുകയായിരുന്നെന്ന് യോഗശേഷം ബിജെപി വക്താവ് അറിയിച്ചു. ബുധനാഴ്‌ചയാകും സാഹ രണ്ടാമതും മുഖ്യമന്ത്രിയായി അധികാരമേൽക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും.

2022 മേയ് 15നാണ് മുഖ്യമന്ത്രിയായിരുന്ന ബിപ്ളവ് കുമാർ ദേബിനെ മാറ്റി ബിജെപി നേതൃത്വം മണിക് സാഹയെ മുഖ്യമന്ത്രിയാക്കിയത്. മണിക് സാഹ കേന്ദ്രമന്ത്രി പദവിയിലെത്തുമെന്നും കേന്ദ്രമന്ത്രിയായ പ്രതിമ ഭൗമിക് മുഖ്യമന്ത്രിസ്ഥാനത്തെത്തുമെന്നും നേരത്തെ ഊഹാപോഹങ്ങൾ പരന്നിരുന്നു. എൻ.ഇ.ഡി.എ നേതാവും ആസാം മുഖ്യമന്ത്രിയുമായ ഹിമന്ദ ബിശ്വ ശർമ്മ ത്രിപുരയിലെത്തി ചർച്ചകൾ നടത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഇതിനുശേഷം ഹിമന്ദ ബിശ്വ ശർമ്മ ചർച്ചനടത്തി. ബിജെപി ദേശീയാദ്ധ്യക്ഷൻ ജെ.പി നദ്ദ, ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവരടക്കം സത്യപ്രതിജ്ഞയിൽ പങ്കെടുക്കുമെന്നാണ് വിവരം.