ഇന്ന് പുണ്യത്തിന്റെ പൊങ്കാലപ്പകൽ

Tuesday 07 March 2023 3:25 AM IST

തിരുവനന്തപുരം: ദേവീമന്ത്രങ്ങളുരുവിട്ട് സുരേശ്വരിയായ ആറ്റുകാലമ്മയുടെ അനുഗ്രഹം തേടിയെത്തിയ ഭക്തർ നിറഭക്തിയോടെ അടുപ്പുകൾ ജ്വലിപ്പിക്കുന്ന നിമിഷങ്ങളിങ്ങെത്തി. പൊങ്കാലയ്ക്ക് പങ്കെടുക്കുന്ന ഭക്തരുടെ എണ്ണത്തിൽ ഇത്തവണ മുൻകാല റെക്കാ‌‌ഡുകൾ തിരുത്തിക്കുറിക്കുമെന്ന സൂചനയണ് നഗരത്തിലെ തിരക്ക് നൽകുന്നത്. അമ്മേ നാരായണ, ദേവീ നാരായണ മന്ത്രങ്ങളുമായി ക്ഷേത്രദർശനത്തിനെത്തിയവർക്ക് മണിക്കൂറുകളോളം ക്യൂനിന്ന ശേഷമാണ് ദർശനം ലഭിച്ചത്.പാണ്ഡ്യ രാജാവിന്റെ വധം നടക്കുന്ന ഭാഗം തോറ്റംപാട്ടുകാർ അവതരിപ്പിച്ചു കഴിഞ്ഞാലുടൻ പൊങ്കാലച്ചടങ്ങുകൾ ആരംഭിക്കും.

പണ്ടാരഅടുപ്പിൽ അഗ്നി ജ്വലിക്കുന്നതോടെ ചെണ്ടമേളവും വായ്ക്കുരവയും മുഴങ്ങും. ഒപ്പം കതിനാവെടിയൊച്ചയും. തുടർന്ന് ക്ഷേത്ര പരിസരങ്ങളിലെ പൊങ്കാല അടുപ്പുകളിലേക്ക് പണ്ടാര അടുപ്പിലെ തീ പകരും. പണ്ടാര അടുപ്പിൽ നിന്ന് പകർന്നെടുക്കുന്ന തീ ആദ്യം നിരവധി പന്തങ്ങളിലേക്കും തുടർന്ന് പന്തവും വഹിച്ചുകൊണ്ട് ഇരുചക്രവാഹനങ്ങളിൽ വോളന്റിയർമാർ വിവിധ ദിക്കുകളിൽ പൊങ്കാലയിടുന്നവരുടെ അടുക്കലെത്തും. പഞ്ചഭൂതങ്ങളെ സാക്ഷിയാക്കി നടത്തുന്ന ഭൂമി പൂജ കൂടിയാണ് പൊങ്കാല. ഭൂമീദേവിയുടെ പ്രതീകമായ മൺകലത്തിൽ വായു, ആകാശം,ജലം,അഗ്നി എന്നിവ കൂടിച്ചേരുമ്പോഴാണ് നിവേദ്യം പൂർത്തിയാകുന്നത്. അതുകൊണ്ട് വ്രതശുദ്ധമായ മനസും ശരീരവുമായി ഭക്തർ അർപ്പിക്കുന്ന പൊങ്കാലയ്ക്ക് പ്രാധാന്യമേറുന്നു. കാത്തിരിപ്പിന്റെയും ആത്മ സമർപ്പണത്തിന്റെയും നിവേദ്യമാണ് ആറ്റുകാൽദേവിക്കു ഭക്തർ സമർപ്പിക്കുന്ന പൊങ്കാല.ദേവിക്കു മുന്നിൽ സമർപ്പിക്കപ്പെടുന്ന നിവേദ്യത്തിൽ പ്രധാനമായും 12 തരം വിഭവങ്ങളാണുള്ളത്.വെള്ളച്ചോറ്, ശർക്കര പായസം,മണ്ടപ്പുറ്റ്,തെരളി,മോദകം,വത്സൻ,പന്തീരുനാഴി, പയർ നിവേദ്യം,നെയ്പായസം,ഇടിച്ചുപിഴിഞ്ഞ പായസം,അരവണ എന്നിവയാണവ. വിവിധ നേർച്ചകളുടെ ഭാഗമായി 101, 51 കലങ്ങളിലും ഭക്തർ പൊങ്കാലയിടും.

Advertisement
Advertisement