ചിത്രീകരണത്തിനിടെ അപകടത്തിൽ വാരിയെല്ലിന് പരിക്ക് വേഗം സുഖം പ്രാപിച്ചു വരുമെന്ന് ബച്ചൻ
മെഗാസ്റ്റാർ അമിതാഭ് ബച്ചന് സിനിമ ചിത്രീകരണത്തിനിടെ അപകടത്തിൽ പരിക്കേറ്റു. വലതുഭാഗത്ത് വാരിയെല്ല് പൊട്ടുകയും പേശികൾക്ക് സാരമായി പരിക്ക് ഏൽക്കുകയും ചെയ്തു. ഹൈദരാബാദിൽ പ്രോജക്ട് കെ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് അപകടം. തുടർന്ന് ബച്ചനെ എ.ഐ.ജി ആശുപത്രിയിൽ എത്തിച്ചു. സി.ടി സ്കാൻ എടുത്തശേഷം മുംബൈയിലേക്ക് മടങ്ങി. ഡോക്ടർമാർ പരിപൂർണ വിശ്രമം നിർദ്ദേശിച്ചതായി ബച്ചൻ ബ്ളോഗിൽ കുറിച്ചു. ശരീരം ചലിപ്പിക്കാൻ കഴിയാത്ത വേദനയുണ്ട്. ശ്വാസമെടുക്കുമ്പോഴും വേദനയാണ്. ഏതാനും ആഴ്ചകൾ ബെഡ് റെസ്റ്റ് തന്നെവേണ്ടിവരും. വേദന സംഹാരികളുടെ ബലത്തിലാണ് മുന്നോട്ട് പോകുന്നത്.ബച്ചന്റെ വാക്കുകൾ.
ഏതാനും ദിവസം മുൻപാണ് ബച്ചൻ ഹൈദരാബാദിൽ എത്തിയത്. ബച്ചൻ സുഖം പ്രാപിക്കുന്നതുവരെ അദ്ദേഹം ഉൾപ്പെട്ട സീനുകളുടെ ചിത്രീകരണം മാറ്റിവയ്ക്കാനാണ് തീരുമാനം. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ത്രില്ലറാണ് പ്രോജക്ട് കെ . പ്രഭാസ്, ദീപിക പദുകോൺ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം മൂന്നാം ലോക മഹായുദ്ധത്തിന് ശേഷമുള്ള സംഭവമാണ് പ്രമേയം. 2024 ജനുവരി 12 നാണ് റിലീസ്.