എം.ഡി.എം.എയുമായി നാല് യുവാക്കൾ പിടിയിൽ

Tuesday 07 March 2023 12:29 AM IST

മുട്ടം: വിദ്യാർത്ഥികൾക്കായി വിൽപ്പനയ്ക്കെത്തിച്ച എം.ഡി.എം.എയുമായി മലങ്കര ഡാമിന് സമീപത്ത് നിന്ന് നാല് പേർ പിടിയിൽ. മൂവാറ്റുപുഴ സ്വദേശികളായ മാറാടി കീരിമടയിൽ ബേസിൽ (23), പെരുമറ്റം കൂട്ടിക്കൽ സൈനസ് (26), വെള്ളൂർകുന്നംഭാഗം പുത്തൻപുരയിൽ അസ്ലം (26), കണ്ടാപറമ്പിൽ സാബിത്ത് (29) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് വിപണിയിൽ 34,000 രൂപ വിലവരുന്ന 11.3 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. മുട്ടത്തെ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥികൾക്കായി വിൽപ്പനയ്ക്ക് എത്തിച്ചതാണ് ലഹരിയെന്ന് പൊലീസ് പറഞ്ഞു. ഇവർ വന്ന കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൊടുപുഴ ഡിവൈ.എസ്.പിയും മുട്ടം എസ്‌.ഐ ഷാജഹാനും ഡാൻസാഫ് ടീമും ചേർന്നാണ് കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെ ഇവരെ പിടികൂടിയത്.