ഷൂട്ടിംഗിനിടെ പരിക്കേറ്റു, ബച്ചൻ വിശ്രമത്തിൽ

Tuesday 07 March 2023 4:05 AM IST

ഹൈദരാബാദ്: ' പ്രോജക്ട് കെ ' സിനിമയുടെ ഷൂട്ടിംഗിനിടെയുണ്ടായ അപകടത്തിൽ ഇന്ത്യൻ ചലച്ചിത്ര ഇതിഹാസം അമിതാഭ് ബച്ചന്റെ വാരിയെല്ലിന് പരിക്കേറ്റു. ഹൈദരാബാദിലെ സിനിമയുടെ സെറ്റിൽ വച്ചാണ് അപകടം. വാരിയെല്ലിന്റെ തരുണാസ്ഥിക്ക് പരിക്കേറ്റതിനാൽ നീരുവീങ്ങിയിരിക്കുകയാണെന്ന് 80കാരനായ അമിതാഭ് ബച്ചൻ തന്റെ ബ്ളോഗിലൂടെയാണ് വെളിപ്പെടുത്തിയത്.

ഹൈദരാബാദിൽ പ്രാഥമിക ചികിത്സ തേടിയ ശേഷം മുംബെയിലെ വസതിയായ 'ജൽസ"യിൽ വിശ്രമത്തിലാണ്. ' നടക്കുമ്പോഴും ശ്വസിക്കുമ്പോഴും വേദനയുണ്ട്. സാധാരണ നിലയിലാകാൻ കുറച്ച് ആഴ്ചകൾ വേണ്ടിവരുമെന്ന് ഞായറാഴ്ച ബ്ളോഗിൽ കുറിച്ച അദ്ദേഹം ആരാധകർ വസതിക്ക് മുമ്പിൽ തടിച്ചു കൂടരുതെന്ന് ' അഭ്യർത്ഥനയും നടത്തിയിട്ടുണ്ട്. ആക്ഷൻ രംഗം ചിത്രീകരിക്കുമ്പോഴുള്ള അപകടത്തെ തുടർന്ന് ഷൂട്ടിംഗ് റദ്ദാക്കി. ഹൈദരാബാദ് എ.ജി ഹോസ്‌പിറ്റലിൽ സി.ടി സ്‌കാൻ ചെയ്‌ത ശേഷമാണ് മുംബെയിലേക്ക് പോയത്. ' ഉലയാതിരിക്കാൻ സ്ട്രാപ് കെട്ടിയിട്ടുണ്ട്. വിശ്രമം വേണമെന്നാണ് ഡോക്ടർമാർ ആവശ്യപ്പെട്ടിട്ടുള്ളത്. വേദനയ്ക്കുള്ള മരുന്ന് നൽകിയിട്ടുണ്ട്. പൂർണമായി ഭേദമായ ശേഷം മാത്രമേ ഷൂട്ടിംഗ് പുനരാരംഭിക്കൂവെന്നും അദ്ദേഹം കുറിച്ചു.

അമിതാഭ് ബച്ചൻ, പ്രഭാസ്, ദീപിക പദുകോൺ തുടങ്ങിയവർ അഭിനയിക്കുന്ന ബിഗ് ബഡ്ജറ്റ് സയൻസ് ഫിക്ഷൻ സിനിമ 'പ്രോജക്ട് കെ" സംവിധാനം ചെയ്യുന്നത് തെലുങ്ക് സംവിധായകനായ നാഗ് അശ്വിനാണ്. ഹിന്ദിയിലും തെലുങ്കിലും നിർമ്മിക്കുന്ന സിനിമയുടെ മുതൽമുടക്ക് 500കോടി രൂപയാണ്. 2024 ജനുവരിയിൽ റിലീസ് ചെയ്യാൻ ഷെഡ്യൂൾ ചെയ്‌തിട്ടുള്ള സിനിമയുടെ ഷൂട്ടിംഗ് രാമോജി ഫിലിം സിറ്റിയിലാണ് പുരോഗമിക്കുന്നത്.