ഗോത്ര വിദ്യാർത്ഥികൾക്ക് പരിശീലനവുമായി കേരള കേന്ദ്ര സർവ്വകലാശാല

Monday 06 March 2023 9:52 PM IST

കാസർകോട്: രാജ്യത്തെ വിവിധ സർവ്വകലാശാലകളിലെ എൽ.എൽ.ബി പ്രവേശന പരീക്ഷയായ ക്ലാറ്റ് (കോമൺ ലോ അഡ്മിഷൻ ടെസ്റ്റ്) വിജയിക്കുന്നതിന് ജില്ലയിലെ ഗോത്ര വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനവുമായി കേരള കേന്ദ്ര സർവ്വകലാശാല നിയമപഠന വിഭാഗം. കാസർകോട് ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെ നിയമഗോത്രം പരിപാടിയുടെ ഭാഗമായാണ് സർവ്വകലാശാലയുടെ തിരുവല്ലയിലുള്ള നിയമപപഠന വിഭാഗത്തിലെ അദ്ധ്യാപകരായ ഡോ.കെ.ഐ.ജയശങ്കർ , ഡോ.ജെ.ഗിരീഷ് കുമാർ എന്നിവരും വിദ്യാർത്ഥികളും പരവനടുക്കം മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ പരിശീലന ക്ലാസ്സ് നൽകുന്നത്.

കാസർകോട് ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസിന്റെ സഹകരണത്തോടെയാണ് പരിപാടി.

ഹൊസ്ദുർഗ് പോക്‌സോ സ്‌പെഷ്യൽ കോടതി ജഡ്ജ് സി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി (സബ് ജഡ്ജ്) ബി.കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. കേരള കേന്ദ്ര സർവ്വകലാശാല സ്‌കൂൾ ഒഫ് ലീഗൽ സ്റ്റഡീസ് ഡീൻ ഡോ. കെ.ഐ.ജയശങ്കർ മുഖ്യ പ്രഭാഷണം നടത്തി. എസ്.ആർ .അരുൺകുമാർ, കെ.വി.രാഘവൻ , അരുൺ രവീന്ദ്രൻ, കൃഷ്ണപ്രിയ എന്നിവർ സംസാരിച്ചു. പാലക്കാട് അട്ടപ്പാടിയിലും മലമ്പുഴയിലും വയനാട് ജില്ലയിലും ഗോത്രവിഭാഗത്തിലെ കുട്ടികൾക്കായി ഇതിനകം തന്നെ സർവ്വകലാശാല നിയമ പഠന വിഭാഗം പരിശീലന ക്ലാസ്സ് നൽകുന്നുണ്ട്.