കമ്മിഷണർ മാപ്പുപറഞ്ഞു; കോടതി കേസ് അവസാനിപ്പിച്ചു

Tuesday 07 March 2023 1:04 AM IST

തിരുവനന്തപുരം : കഞ്ചാവ് കേസ് പ്രതി മുങ്ങിയ സംഭവത്തിൽ കോടതി വാറണ്ട് നടപ്പാക്കാത്ത വീഴ്ച ഏറ്റുപറഞ്ഞ സിറ്റി പൊലീസ് കമ്മിഷണ‌ർ സി.എച്ച്. നാഗരാജുവിന് കോടതി മാപ്പ് നൽകി കേസ് അവസാനിപ്പിച്ചു. ഒന്നാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. സനിൽ കുമാറാണ് കേസ് അവസാനിപ്പിച്ചത്. കാട്ടാക്കട കോട്ടുകാൽ കുഞ്ചുവിളാകം സ്വദേശി സഞ്ചിത്താണ് വിചാരണയ്ക്ക് ഹാജരാകാതെ മുങ്ങിയത്. പ്രതി ഹാജരാകാതിരുന്നതിനെ തുടർന്ന് കോടതി ജാമ്യക്കാരന് നോട്ടീസ് നൽകി. ജാമ്യക്കാരനായ കാട്ടാക്കട കുരുതൻകോട് സ്വദേശി ജോൺ കോടതിയിൽ ഹാജരായി പ്രതിയെ താൻ വട്ടിയൂർക്കാവ് പൊലീസിന് കാണിച്ച് കൊടുത്തിട്ടും അറസ്റ്റ് ചെയ്യുന്നില്ലെന്ന് അറിയിച്ചു. ഇത് കേട്ട കോടതി സിറ്റി പൊലീസ് കമ്മിഷണർ മുഖേന വാറണ്ട് നടപ്പാക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ഇതിലും പൊലീസ് ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയതിനെ തുടർന്ന് കോടതി കമ്മിഷണർക്കെതിരെ കേസ് എടുത്തു. തുടർന്ന് ഉണർന്ന് പ്രവർത്തിച്ച പൊലീസ് പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കുകയും ചെയ്തു. എന്നിട്ടും കോടതി കമ്മിഷണർക്കെതിരായ കേസ് പിൻവലിച്ചിരുന്നില്ല.