എ ആർ റഹ്മാന്റെ മകൻ ഷൂട്ടിംഗിനിടെ ഉണ്ടായ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു
ചെന്നൈ: സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ മകൻ എ.ആർ. അമീൻ ഗാനരംഗം ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടമുണ്ടായ സെറ്റിൽ നിന്നെടുത്ത ഫോട്ടോകളുൾപ്പെടെ ഭീതിപ്പെടുത്തുന്ന ആ സംഭവം ദീർഘമായ അടിക്കുറിപ്പോടെ അമീൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് പുറത്തറിഞ്ഞത്.
വലിപ്പമുള്ള ഷാൻഡ്ലിയർ ക്രെയിനിൽ ഉയർത്തിയിരുന്നത് പൊട്ടി വീഴുകയായിരുന്നു. ആ സംഭവത്തിന്റെ ആഘാതത്തിൽ നിന്ന് പുറത്തുവരാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല. ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കെ ഷാൻഡിലിയറുകളും അത് ഉറപ്പിച്ചിരുന്ന ട്രസും ഉൾപ്പെടെയാണ് ക്രെയിനിൽ നിന്ന് പൊട്ടിവീണത്. അതിനടിയിൽ നിൽക്കുകയായിരുന്ന താനുൾപ്പെട്ട സംഘത്തിന്റെ അടുത്ത് നിന്ന് ഏതാനും ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് വീണത്. ദൈവത്തിനും കുടുംബത്തിനും ഉൾപ്പെടെ എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി പറയുന്നതായും പോസ്റ്റിൽ പറയുന്നു. അത്ഭുതകരമായ രക്ഷപ്പെടലായിരുന്നു അതെന്ന് പോസ്റ്റിന് പ്രതികരണമായി എ.ആർ. റഹ്മാൻ കുറിച്ചു. പിന്നണിഗായകനായ അമീൻ 2015ലെ തമിഴ് സിനിമയ 'ഓ കാതൽ കൺമണി"യിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. 'ചൂരാവലി പൊണ്ണ്" ആണ് ഏറ്റവും പുതിയ വീഡിയോഗാനം.