ഉമേഷ് പാൽ കൊലക്കേസിലെ രണ്ടാമത്തെ പ്രതിയെയും വെടിവച്ചു കൊന്നു

Tuesday 07 March 2023 12:19 AM IST

ന്യൂഡൽഹി:എം.എൽ.എ കൊലക്കേസിലെ സാക്ഷി അഭിഭാഷകൻ ഉമേഷ് പാലിനെ കൊല ചെയ്ത സംഭവത്തിലെ രണ്ടാമത്തെ പ്രതിയെയും യു.പി പൊലീസ് വെടിവച്ചു കൊന്നു. ഇന്നലെ പുലർച്ചെ പ്രയാഗ് രാജിന് സമീപം ട്രാൻസ്-യമുന ഭാഗത്തെ കൗധിയാര മേഖലയിലാണ് സംഭവം. അമോഖർ ഗ്രാമവാസിയായ പ്രതി വിജയ് ചൗധരി എന്ന ഉസ്മാനാണ് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്ന് ബി.ജെ.പി എം.എൽ.എ ശലഭ് മണി ത്രിപാഠി ട്വീറ്റ് ചെയ്തു. ഇക്കാര്യം പ്രയാഗ് രാജ് പൊലീസ് കമ്മിഷണർ രമിത് ശർമ്മ സ്ഥിരീകരിച്ചു. ഫെബ്രുവരി 27 ന് കേസിലെ മറ്റൊരു പ്രതിയായ അർബാസും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഗൂഡാലോചനയിൽ പങ്കുണ്ടെന്ന് കരുതുന്ന കേസിലെ മറ്റൊരു പ്രതി സദകത്ത് ഇപ്പോൾ കസ്റ്റഡിയിലാണ്.

എൻകൗണ്ടർ കൗധിയാരയിലെ ഒളിത്താവളത്തിൽ

ഇന്നലെ പുലർച്ചെ കൗധിയാരയിൽ ഉസ്മാനെ കണ്ടെത്തിയതിനെ തുടർന്ന് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും കൗധിയാര പൊലീസും ഒളിസ്ഥലത്തെത്തി. ഉസ്മാനോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ ഇയാളെ വെടിവെച്ചു വീഴ്ത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഉടനെ

സ്വരൂപ് റാണി നെഹ്റു ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചുവെന്നും മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയതായും പോലീസ് അധികൃതർ അറിയിച്ചു. ഏറ്റുമുട്ടലിൽ ഒരു കോൺസ്റ്റബിളിന് പരിക്കേറ്റതായും പൊലീസ് കേന്ദ്രങ്ങൾ പറഞ്ഞു. ഉസ്മാനെ കുറിച്ച് വിവരം നൽകുന്നവർക്ക് യു.പി പൊലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഞായറാഴ്ച്ച ഇത് രണ്ടര ലക്ഷം രൂപയായി വർദ്ധിപ്പിച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചിരുന്നു.

സംഭവങ്ങളുടെ തുടക്കം 2005 ൽ

2005 ൽ ബി.എസ്.പി എം.എൽ.എയായിരുന്ന രാജുപാൽ കൊല്ലപ്പെട്ട കേസിലെ മുഖ്യ സാക്ഷിയായിരുന്നു അഭിഭാഷകനായ ഉമേഷ് പാൽ. കഴിഞ്ഞ ഫെബ്രുവരി 24 ന് ആറംഗ സംഘം ഉമേഷിനെ ധൂമൻഗഞ്ച് ഏരിയയിലെ വീടിന് പുറത്ത് വെച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിലെ മുഖ്യപ്രതിയായ ഉസ്മാനാണ് ഉമേഷ് പാലിനും രണ്ട് സുരക്ഷ ഉദ്യോഗസ്ഥനുമെതിരെ നിറയൊഴിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇത് സംഭവ സ്ഥലത്തെ സിസിടിവിയിൽ പതിഞ്ഞിരുന്നു. മുൻ എം.പിയായ അതിഖ് അഹമ്മദിന്റെ ഗുണ്ടാസംഘത്തിലെ അംഗമായിരുന്ന ഇയാൾ വിജയ് ചൗധരിയെന്ന പേര് മാറ്റി പിന്നീട് ഉസ്മാൻ എന്ന പേര് സ്വീകരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നാൻ ബാബു എന്ന പേരിലും അറിയപ്പെട്ടിരുന്നു.

മുൻ എം.പി അതിഖ് അഹമ്മദിന്റെ ഇളയ സഹോദരൻ ഖാലിദ് അസിമിനെ അലഹബാദ് വെസ്റ്റ് അസംബ്ലി മണ്ഡലത്തിൽ രാജുപാൽ പരാജയപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ രാജുപാലിനെ വെടിവെച്ച് കൊല്ലുകയയായിരുന്നു. ഈ കേസിൽ ശിക്ഷിക്കപ്പെട്ട് അതിഖ് അഹമ്മദ് ഇപ്പോൾ ഗുജറാത്തിലെ ജയിലിലാണ്. രാജു പാൽ കേസിലെ സാക്ഷിയായ ഉമേഷ് പാലിനെ വധിച്ചസംഭവവുമായി ബന്ധപ്പെട്ട ഗൂഡാലോചനയിൽ അതിഖ് അഹമ്മദ്, ഭാര്യ ഷൈസ്ത പർവീൺ, അവരുടെ രണ്ട് ആൺമക്കൾ, സഹായികളായ അഞ്ച് പേർ എന്നിവരെ പ്രതികളാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.മാഫിയ കൂട്ടുകെട്ടിനെ നശിപ്പിക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞിരുന്നുവെന്ന് ഗോരഖ്പൂർ എം.പി രവി കിഷൻ ട്വീറ്റ് ചെയ്തു.

Advertisement
Advertisement