മനീഷ് സിസോദിയ തീഹാർ ജയിലിൽ

Tuesday 07 March 2023 12:29 AM IST

ന്യൂ ഡൽഹി : മദ്യനയക്കേസിൽ എട്ട് ദിവസം സി.ബി.ഐ ചോദ്യം ചെയ്‌ത ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഡൽഹി റോസ് അവന്യു കോടതി ഈമാസം 20 വരെ ജുഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്‌തു. പതിന്നാല് ദിവസത്തേക്ക് റിമാൻഡ് ചെയ്യണമെന്ന സി.ബി.ഐ അന്വേഷണസംഘത്തിന്റെ ആവശ്യത്തെ തുടർന്നാണ് നടപടി. കേസുമായി ബന്ധപ്പെട്ട മാദ്ധ്യമവാർത്തകളിലും സമാധാനപരമായ പ്രതിഷേധങ്ങളിലും ഇടപെടില്ലെന്ന് ജഡ്‌ജി എം.കെ. നാഗ്പാൽ വ്യക്തമാക്കി. റിമാൻഡ് ഉത്തരവിന് പിന്നാലെ സിസോദിയയെ തീഹാർ ജയിൽ- ഒന്നിലേക്ക് മാറ്റി.

കസ്റ്റഡിയിലെ ചോദ്യം ചെയ്യൽ തത്ക്കാലം ആവശ്യമില്ലെന്ന് സി.ബി.ഐ സമ‌ർപ്പിച്ച റിമാൻഡ് അപേക്ഷയിൽ അറിയിച്ചു. ആവശ്യമെങ്കിൽ മാത്രം പിന്നീട് കസ്റ്റഡിയിൽ ചോദിക്കും. ആം ആദ്മി പാർട്ടി കേസിന് രാഷ്ട്രീയനിറം നൽകുകയാണെന്നും സാക്ഷികളെ ഭയപ്പെടുത്തുകയാണെന്നും സി.ബി.ഐക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ആരോപിച്ചു. കേസിന് മാദ്ധ്യമങ്ങളും രാഷ്ട്രീയ നിറം നൽകുകയാണെന്ന് സി.ബി.ഐ. ആരോപണമുന്നയിച്ചതോടെ, മാദ്ധ്യമങ്ങളെ റിപ്പോർട്ടിംഗിൽ നിന്ന് തടയാൻ ഉദ്ദേശിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. സി.ബി.ഐ. മാദ്ധ്യമങ്ങളെ ഭയപ്പെടുന്നോ എന്നായിരുന്നു മനീഷ് സിസോദിയക്ക് വേണ്ടി ഹാജരായ അഭിഭാഷകന്റെ ചോദ്യം.

സിസോദിയയുടെ ജാമ്യാപേക്ഷ വെളളിയാഴ്‌ച കോടതി പരിഗണിക്കും. സി.ബി.ഐയുടെ നിലപാട് കോടതി തേടിയിട്ടുണ്ട്. ഫെബ്രുവരി 26നാണ് മദ്യനയക്കേസിൽ ഡൽഹി ഉപമുഖ്യമന്ത്രിയുടെ അറസ്റ്റ് സി.ബി.ഐ. രേഖപ്പെടുത്തിയത്.

ഭഗവദ്ഗീതയും കണ്ണടയും വേണമെന്ന് ആവശ്യം

തീഹാ‌ർ ജയിലിൽ ഭഗവദ്ഗീത, കണ്ണട, ഡയറി, പേന എന്നിവ വേണമെന്ന് മനീഷ് സിസോദിയ ആവശ്യപ്പെട്ടത് റോസ് അവന്യു കോടതി അംഗീകരിച്ചു. വിപാസന ധ്യാനം ചെയ്യാൻ സൗകര്യമുളള സെല്ലിൽ പാർപ്പിക്കണമെന്ന സിസോദിയയുടെ ആവശ്യം പരിഗണിക്കാൻ ജയിൽ സൂപ്രണ്ടിന് നിർദ്ദേശം നൽകി. മരുന്നുകളും സെല്ലിലേക്ക് കൊണ്ടുപോകാം.

മനീഷ് സിസോദിയ റിമാൻഡിലായതോടെ ആം ആദ്മി പാർട്ടിയുടെയും ഡൽഹി സർക്കാരിലെയും രണ്ട് കരുത്തരാണ് ജയിലഴിക്കുളളിലായത്. കളളപ്പണം വെളുപ്പിക്കൽ കേസിൽ മുൻമന്ത്രി സത്യേന്ദർ ജെയ്‌നും തീഹാർ ജയിലിലാണ്. ബി.ജെ.പിയും കോൺഗ്രസും വിഷയത്തെ രാഷ്ട്രീയ ആയുധമാക്കി. ആം ആദ്മി പാർട്ടി ഓഫീസുകൾക്ക് മുന്നിൽ സിസോദിയയും സത്യേന്ദർ ജെയ്‌നും ജയിലിലായ പോസ്റ്ററുകൾ കോൺഗ്രസ് പതിച്ചു. അഴിമതിക്കാരനായ വ്യക്തി രാജ്യദ്രോഹി കൂടിയാണെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വാക്കുകളും പോസ്റ്ററിലുണ്ട്.