ഭക്ഷ്യോത്പന്നങ്ങളിൽ കീടനാശിനി : നടപടിക്ക് ഹൈക്കോടതി നിർദ്ദേശം
കണ്ണൂർ: സർക്കാരിന്റെ കീഴിലുള്ള കേരളത്തിലെ വിവിധ ലാബുകളിൽ പരിശോധിച്ച 21 കമ്പനികളുടെ 43 കറിമസാലപ്പൊടികളിൽ എത്തിയോൺ ഉൾപ്പെടെയുള്ള പതിനൊന്ന് മാരക കീടനാശിനി അംശങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നിർമാതാക്കാൾക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവ്. കീടനാശിനിയുടെ സാന്നിദ്ധ്യം ഉള്ള കറിമസാലപ്പൊടികൾ നിരോധിക്കണം എന്നാവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകനും കണ്ണൂർ സ്വദേശിയുമായ ലിയോണാർഡ് ജോൺ നൽകിയ ഹരജിയിലാണ് കോടതി വിധി.
ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ നിയമം 2006 അനുസരിച്ച് നടപടിയെടുക്കാൻ സംസ്ഥാന സർക്കാരിനോടും ഫുഡ് സേഫ്റ്റി കമ്മീഷണറോടുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ആറ് മാസം മുതൽ ആറ് വർഷം വരെ തടവുശിക്ഷയും ഒരു ലക്ഷം മുതൽ അഞ്ച് ലക്ഷം വരെ പിഴയും ഇരുപത്തിയൊന്ന് കറിമസാല ഉടമകളും നേരിടേണ്ടിവരും.
പരിശോധനയ്ക്ക് ചിലവിട്ടത് നാലേകാൽ കോടി
കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് 4.25 കോടി രൂപ ഫുഡ് സേഫ്റ്റി വകുപ്പ് സാമ്പിൽ പരിശോധനക്ക് ചിലവാക്കിയതായും 2015 മുതൽ അവർ ചാർജ് ചെയ്ത 4000 കേസുകൾ ഇപ്പോഴും തുടർ നടപടി കാത്ത് കിടക്കുകയാണെന്നും ലിയോണാർഡ് ജോൺ ആരോപിച്ചു. ഇന്ത്യയിൽ ഒന്നേകാൽ ലക്ഷം ഏക്കറിൽ ഓർഗാനിക് മുളക് കൃഷി ചെയ്യുമ്പോൾ അതിന്റെ ഗുണം കേരളത്തിൽ ലഭ്യമാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.