വീട്ടിൽ നിന്നും മൊബൈൽ മോഷ്ടിച്ച പ്രതി പിടിയിൽ
തിരുവനന്തപുരം: ആനയറ കല്ലുമൂട്ടിലെ വീട്ടിൽ നിന്നും മൊബൈൽ മോഷ്ടിച്ച പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പേട്ട പൊലീസ്. നെടുമങ്ങാട്, മഞ്ച പേരുമല നാരകത്തിന്റെ വിള പുത്തൻവീട്ടിൽ ഗണേശ് (36)നെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലർച്ചെ അഞ്ചിനായിരുന്നു മോഷണം. ആനയറ കല്ലുമ്മൂട്ടിൽ വിജിത്തിന്റെ വീട്ടിൽ ജനാലയ്ക്ക് സമീപം സൂക്ഷിച്ചിരുന്ന വില പിടിപ്പുള്ള മൊബൈൽ ഫോൺ പ്രതി മോഷ്ടിച്ചെടുത്ത് കടന്നു കളയുകയായിരുന്നു. പരാതി ലഭിച്ചയുടൻ പൊലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിൽ പേട്ട റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്നും മോഷ്ടിച്ച മൊബൈൽ കണ്ടെടുത്തു. പേട്ട എസ്.ഐ സുനിൽ, സി.പി.ഒ മാരായ സനൽ, പ്രതീഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ മോഷണക്കേസുൾപ്പെടെ 5 കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.