'നഷ്‌ടമായ നിറങ്ങൾ നൂറ് മടങ്ങായി ഞാൻ മടക്കിത്തരും,​ നിനക്കായി ഏതറ്റംവരെയും പോകും'; നടി ജാക്വിലിൻ ഫെർണാണ്ടസിന് ഹോളി ആശംസകളുമായി തട്ടിപ്പുകാരൻ സുകാഷ് ചന്ദ്രശേഖർ

Monday 06 March 2023 11:51 PM IST

ന്യൂഡൽഹി: നടി ജാക്വിലിൻ ഫെർണാണ്ടസിന് ഹോളി ആശംസകൾ നേർന്ന് കത്തുമായി തട്ടിപ്പുവീരൻ സുകാഷ് ചന്ദ്രശേഖർ. ഡൽഹിയിലെ മണ്ഡോലി ജയിലിൽ നിന്നും മാദ്ധ്യമപ്രവർത്തകർക്കടക്കം അഭിസംബോധന ചെയ്‌ത് അയച്ച കത്തിലാണ് സുകാഷ് തന്റെ സ്‌നേഹിതയായ ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസിനുള്ള സന്ദേശവും എഴുതിയത്.

തന്റെ ഭാഗത്ത്നിന്നുമുള്ള വാർത്ത കൃത്യമായി പ്രസിദ്ധീകരിക്കുന്നതിന് എല്ലാ മാദ്ധ്യമങ്ങളോടും സമൂഹമാദ്ധ്യമ പേജുകളോടും സുകാഷ് നന്ദി പറഞ്ഞു. തന്റെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ശത്രുക്കൾക്കും എല്ലാം അഭിസംബോധന ചെയ്‌താണ് സുകാഷ് കത്തെഴുതിയിരിക്കുന്നത്.

തനിക്ക് നടിയുമായുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കിയ കത്തിൽ ഹോളി ആശംസിച്ച ശേഷം ജീവിതത്തിൽ നഷ്‌ടമായ വർണങ്ങൾ 100 മടങ്ങായി തിരികെ തരുമെന്നും നടിയ്‌ക്കായി താൻ ഏതറ്റംവരെയും പോകുമെന്നും സുകേഷ് കുറിക്കുന്നു. കേന്ദ്ര ആഭ്യന്തര, നിയമ സെക്രട്ടറി എന്ന പേരിൽ 200 കോടിയുടെ തട്ടിപ്പ് നടത്തിയതിനാണ് ഇപ്പോൾ സുകാഷിനെ അറസ്‌റ്റ് ചെയ്‌തത്.