ജില്ലാ ഡ്രഗ് വെയർഹൗസിൽ... ആവശ്യത്തി​ന് മരുന്നുണ്ട്, കൈനീട്ടി​ ആശുപത്രി​കൾ അധിക വിഹിതം ലഭിക്കാത്തതിനാൽ ആശുപത്രികളിൽ വീണ്ടും മരുന്നുക്ഷാമം രൂക്ഷം

Tuesday 07 March 2023 12:55 AM IST

ആശുപത്രികൾക്ക് മരുന്ന് വീതിച്ചു നൽകുന്നില്ല

ആലപ്പുഴ: കേരള മെഡിക്കൽ സർവീസ് കോർപറേഷൻ (കെ.എം.എസ്.സി.എൽ) കഴിഞ്ഞ ജനുവരിയിൽ ജില്ലയ്ക് അനുവദിച്ച അധിക മരുന്നു വിഹിതം ആശുപത്രികൾക്ക് ലഭിക്കാത്തതിനാൽ ക്ഷാമം രൂക്ഷമായി. മരുന്നുകൾ യഥാസമയം വീതിച്ചു നൽകുന്നതിൽ ജില്ലാ ഡ്രഗ് വെയർഹൗസ് വീഴ്ചവരുത്തിയതാണ് കാരണം.

ആശുപത്രി അധികൃതരുടെ പരാതിയെത്തുടർന്ന് ആരോഗ്യവകുപ്പ് ജില്ലാ അധികൃതർ വിഷയത്തിൽ ഇടപെട്ടിട്ടും മരുന്നു വിതരണം പൂർത്തിയാക്കിയില്ല. പകുതിയിലേറെ ആശുപത്രികൾ മരുന്നില്ലാതെ വലയുകയാണ്. ആന്റിബയോട്ടിക്കുകൾ, കഫ്‌സിറപ്പുകൾ, കുട്ടികൾക്കുള്ള മരുന്നുകൾ, ശ്വാസകോശ രോഗങ്ങൾക്കുള്ള മരുന്നുകൾ എന്നിവയ്ക്കാണ് ക്ഷാമം. സെപ്തംബർ മുതൽ ആശുപത്രികളിൽ മരുന്നു ക്ഷാമം രൂക്ഷമായിരുന്നു. തുടർന്നാണ് നടപ്പുസാമ്പത്തിക വർഷത്തേക്ക് അധികം മരുന്ന് വിഹിതം അനുവദിച്ചത്. ആശുപത്രികൾ ആവശ്യപ്പെട്ടതിന്റെ 25 ശതമാനം വരെ ലഭ്യതയ്ക്കനുസരിച്ച് നൽകാനായിരുന്നു തീരുമാനം. അതനുസരിച്ച് ജനുവരിയിൽ ലഭ്യമായ മരുന്നുകളാണ് ഇപ്പോഴും ലഭ്യമാവാത്തത്. സംസ്ഥാനത്തെ എല്ലാ ആശുപത്രികൾക്കുമായാണ് അധികവിഹിതം അനുവദിച്ച് ഉത്തരവിറങ്ങിയത്. അതിനാൽ, ജില്ലയ്ക്ക് പ്രത്യേകമായി ഉത്തരവില്ലെന്ന് പറഞ്ഞ് ആദ്യം മരുന്നു നൽകാൻ ഡ്രഗ് വെയർഹൗസ് അധികൃതർ തയ്യാറായില്ല. ആരോഗ്യവകുപ്പ് അധികൃതർ ഇടപെട്ടതോടെ വിതരണം തുടങ്ങിയെങ്കിലും ഏതാനും ആശുപത്രികളിൽ ഒതുങ്ങി. മറ്റ് ആശുപത്രികൾ അറിയിച്ചിട്ടും മരുന്നു നൽകിയിട്ടില്ല. ജില്ലാ ഡ്രഗ് വെയർ ഹൗസ് മാനേജർ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്.

# കുറച്ചത് കൊവിഡിനെ പേടിച്ച്

കൊവിഡ് കാലത്ത് നിരവധി മരുന്നുകൾ കാലാവധി തീർന്ന് പാഴായിരുന്നു. മരുന്നു വീണ്ടും പാഴായാൽ ഓഡിറ്റിംഗ് നടപടി നേരിടേണ്ടി വരുമെന്നതിനാൽ 2022-23 സാമ്പത്തിക വർഷത്തേക്ക് ആശുപത്രികൾ 40 ശതമാനത്തോളം മരുന്നുകൾ കുറച്ചാണ് ആവശ്യപ്പെട്ടത്. എന്നാൽ, കൊവിഡ് കുറഞ്ഞതോടെ ആശുപത്രികളിൽ രോഗികളുടെ എണ്ണം കൂടി. ഇതോടെ ആശുപത്രികൾക്ക് ലഭിച്ച മരുന്നുകൾ തികഞ്ഞില്ല. അടുത്തവർഷം ക്ഷാമമുണ്ടാകാതിരിക്കാൻ മരുന്നിന്റെ ഓർഡർ ജില്ലയിലെ സർക്കാർ ആശുപത്രികൾ ഒക്ടോബറിൽ സമർപ്പിച്ചിരുന്നു. മുൻവർഷത്തേക്കാൾ കൂടുതൽ മരുന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഏപ്രിലിൽ തന്നെ മരുന്ന് ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

ആശുപത്രികൾ ആവശ്യപ്പെട്ട മരുന്നുകൾ നൽകി. ബാക്കിയുള്ളവർക്ക് ഈ മാസം 15നകം നൽകും

അധികൃതർ, ജില്ലാ ഡ്രഗ് വെയർ ഹൗസ്