അന്താരാഷ്ട്ര വനിത ചലച്ചിത്രമേള 17 മുതൽ

Tuesday 07 March 2023 12:56 AM IST

ആലപ്പുഴ: ആലപ്പുഴ കൈരളി, ശ്രീ തീയേറ്ററുകളിൽ 17, 18, 19 തീയതികളിൽ നടക്കുന്ന നാലാമത് വനിതാ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഒരുക്കങ്ങളായി. ഇന്റർനാഷണൽ, ഇന്ത്യൻ, മലയാളം വിഭാഗങ്ങളിലായി 25ലധികം ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന മേളയിൽ ആയിരത്തിലേറെ പ്രതിനിധികൾ പങ്കെടുക്കും. മേളയുടെ ലോഗോ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരിക്ക് നൽകി സംവിധായകൻ ഫാസിൽ പ്രകാശനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യ രക്ഷാധികാരിയായും മന്ത്രിമാരായ സജി ചെറിയാൻ, പി.പ്രസാദ്, വീണ ജോർജ് എന്നിവർ സഹരക്ഷാധികാരികളായും ജില്ലയിലെ എം.പി.മാരും എം.എൽ.എമാരും രക്ഷാധികാരികളായും സംഘാടക സമിതി രൂപവത്കരിച്ചു. മേളയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ മാർച്ച് 10ന് ആരംഭിക്കും. https://registration.iffk.in/ എന്ന സൈറ്റിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്. പൊതുജനങ്ങൾക്ക് 300 രൂപയും വിദ്യാർത്ഥികൾക്ക് 150 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. രജിസ്‌ട്രേഷൻ ചെയ്യുന്നവർക്ക് എല്ലാ സിനിമകളും കാണാൻ അവസരമുണ്ട്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി സംഘാടക സമിതിയുടെ ചെയർപേഴ്‌സണും നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് കോ ചെയർപേഴ്‌സണുമാണ്.