മൈക്ക് ഓപ്പറേറ്ററെ ചീത്ത പറഞ്ഞിട്ടില്ല : എം.വി ഗോവിന്ദൻ
ഇരിങ്ങാലക്കുട : മാളയിൽ മൈക്ക് ഓപ്പറേറ്ററെ ചീത്ത പറഞ്ഞിട്ടില്ലെന്നും മാദ്ധ്യമങ്ങൾ ഇമ്മാതിരി വാർത്തകൾ ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി ഇരിങ്ങാലക്കുടയിൽ നടത്തിയ പത്രസമ്മേളനത്തിലായിരുന്നു പ്രതികരണം.
ഞാൻ മൈക്കിനടുത്ത് സംസാരിക്കാത്തതല്ല പ്രശ്‌നം. ശാസ്ത്ര സാങ്കേതിക വിദ്യ കൈകാര്യം ചെയ്യുന്നതിൽ മൈക്ക് ഓപ്പറേറ്റർക്ക് പ്രാപ്തിയില്ലാത്തതിന്റെ ഫലമായാണ് പ്രശ്‌നമുണ്ടായതെന്ന് വിശദീകരിക്കുക മാത്രമാണ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജവാർത്ത നിർമ്മിച്ചുവെന്ന കേസുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ഓഫീസിൽ നടന്ന പൊലീസ് പരിശോധന നിയമവാഴ്ചയുടെ ഭാഗമായിട്ടുള്ള സ്വാഭാവിക നടപടിക്രമം മാത്രമാണ്. ഇതിനെ മാദ്ധ്യമ വേട്ട എന്ന രീതിയിൽ ചിത്രീകരിക്കാൻ ശ്രമിക്കുന്നത് അപക്വമായ സമീപനമാണ്.
മാദ്ധ്യമ സ്വാതന്ത്ര്യം പോലെ പ്രധാനമാണ് മാദ്ധ്യമ ധാർമ്മികതയും. ഉന്നത വിദ്യാഭ്യാസ മേഖലയിൽ അനിശ്ചിതത്വം സൃഷ്ടിച്ച് ആ രംഗത്തുള്ള മുന്നേറ്റം തടയാനുള്ള നീക്കത്തിൽ നിന്നും ഗവർണർ പിന്മാറണം. ഹൈക്കോടതി വിധി അംഗീകരിക്കാൻ ഗവർണർ തയ്യാറാകണമെന്നും എം.വി.ഗോവിന്ദൻ ആവശ്യപ്പെട്ടു.