ട്രെയിനുകളിൽ ഇനി രാത്രിയിൽ പാട്ടു കേൾക്കലും ഫോൺവിളിയും നടത്തിയാൽ പണി കിട്ടും, ലൈറ്റിട്ടാലും പ്രശ്നമാകും, നിർദ്ദേശവുമായി റെയിൽവേ
ന്യൂഡൽഹി : രാത്രിയാത്രകൾ അച്ചടക്കപൂർണമാക്കാൻ മാർഗനിർദേശവുമായി റെയിൽവേ. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് രാത്രി പത്ത് മണിക്കുശേഷം യാത്രികർ റെയിൽവേ പുറപ്പെടുവിച്ച നിയമങ്ങൾ പാലിക്കണം, രാത്രി 10നുശേഷം യാത്രക്കാർ ഉച്ചത്തിൽ സംസാരിക്കാനോ, പാട്ട് കേൾക്കാനോ, ലൈറ്റുകൾ തെളിക്കാനോ പാടില്ലെന്ന് നിയമം പറയുന്നു.
അതത് സീറ്റുകളിലോ കമ്പാർട്ടുമെന്റുകളിലോ കോച്ചുകളിലോ ഉള്ള യാത്രക്കാർക്ക് രാത്രിയിൽ ഇയർഫോണില്ലാതെ ഉയർന്ന ശബ്ദത്തിൽ മൊബൈലിൽ സംസാരിക്കാനോ ഉച്ചത്തിലോ സംഗീതം കേൾക്കാനോ പാടില്ലെന്നും പുതിയ മാർഗനിർദേശങ്ങളിലുണ്ട്
പുതിയ മാർഗനിർദേശങ്ങൾ:
1. രാത്രി 10 മണിക്ക് ശേഷം യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കാൻ ടി.ടി.ഇക്ക് വരാൻ കഴിയില്ല
2. സംഘമായി യാത്ര ചെയ്യുന്ന യാത്രക്കാർക്ക് രാത്രി 10 മണിക്ക് ശേഷം പരസ്പരം ഉച്ചത്തിൽ ആശയവിനിമയം നടത്താൻ പാടില്ല.
3. 10നുശേഷം മധ്യ ബെർത്തിലെ സഹയാത്രികന് സീറ്റ് തുറന്ന് കിടക്കാൻ ലോവർ ബെർത്തുകാരൻ അനുവദിക്കേണ്ടതാണ്.
4. ട്രെയിൻ സർവീസുകളിൽ ഓൺലൈൻ ഭക്ഷണം രാത്രി 10ന് ശേഷം നൽകാനാകില്ല. എന്നാൽ ഇ-കാറ്ററിങ് സേവനങ്ങൾ ഉപയോഗിച്ച് രാത്രിയിൽ ഭക്ഷണമോ പ്രഭാതഭക്ഷണമോ മുൻകൂട്ടി ഓർഡർ ചെയ്യാവുന്നതാണ്.
5. രാത്രി 10ന്ശേഷം സീറ്റിലോ കമ്പാർട്ടുമെന്റിലോ കോച്ചിലോ ഇരിക്കുന്ന ഒരു യാത്രക്കാരനും ഉച്ചത്തിൽ മൊബൈലിൽ സംസാരിക്കാൻ പാടില്ല
6. ഒരു യാത്രക്കാരനും ഉച്ചത്തിൽ പാട്ടുകൾ കേൾക്കാൻ പാടില്ല.
7. രാത്രി 10 മണിക്ക് ശേഷം ആവശ്യമില്ലാതെ ലൈറ്റുകൾ ഓൺ ആക്കാൻ പാടില്ല
ട്രെയിനുകളിൽ പൊതു മര്യാദകൾ പാലിക്കാനും സഹയാത്രികർക്ക് പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണെങ്കിൽ ഉടനടി ഇടപെടാനും ഓൺ-ബോർഡ് ടിടിഇ (ട്രാവലിംഗ് ടിക്കറ്റ് എക്‌സാമിനർ), കാറ്ററിംഗ് സ്റ്റാഫ്, മറ്റ് റെയിൽവേ ഉദ്യോഗസ്ഥർ എന്നിവരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ, പുകവലി, മദ്യപാനം, കമ്പാർട്ടുമെന്റുകളിൽ പൊതുജനങ്ങളുടെ സ്വീകാര്യതയ്‌ക്കെതിരായ ഏത് പ്രവർത്തനവും അനുവദനീയമല്ല, കത്തുന്ന വസ്തുക്കളെ കൊണ്ടുപോകുന്നതും റെയിൽവേ നിയമങ്ങൾക്ക് വിരുദ്ധമാണ്. പുതിയ നിയമങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ യാത്രക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്.