നാടാകെ മണി അനുസ്മരണം, പാഡിയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ

Tuesday 07 March 2023 12:16 AM IST

ചാലക്കുടി: കലാഭവൻ മണിയുടെ 73-ാം ചരമവാഷികത്തോട് അനുബന്ധിച്ച് ചേനത്തു നാട്ടിലെ രാമൻ സ്മാരക കലാഗൃഹത്തിൽ കലാഭവൻ മണി കുടുംബ ട്രസ്റ്റും പട്ടിക ജാതി ക്ഷേമ സമിതിയും ചേർന്ന് അനുസ്മരണം സംഘടിപ്പിച്ചു. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ അദ്ധ്യക്ഷനായി.

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി കെ.ഇ.എൻ. കുഞ്ഞഹമ്മദ്, ഡോ. ആർ.എൽ.വി. രാമകൃഷ്ണൻ, ഗാനരചയിതാവ് രാജീവ് ആലുങ്കൽ, നഗരസഭാ ചെയർമാൻ എബി ജോർജ്ജ്, പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, ഇ.സി. സുരേഷ്, പി.സി. മനോജ്, വാർഡ് കൗൺസിലൻ ദീപു ദിനേശ്, ഗായകൻ ഗണേശ് സുന്ദരം, കലാഭവൻ സതീഷ് എന്നിവർ പ്രസംഗിച്ചു.

പാഡിയിൽ നിലയ്ക്കാത്ത ജനപ്രവാഹം

കലാഭവൻ മണിയുടെ വിശ്രമ കേന്ദ്രമായിരുന്ന പാഡിയിലേക്ക് ഇന്നലെ എത്തിയത് ആയിരക്കണക്കിന് ആരാധാകർ. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകളെത്തി ഓർമ്മയിലെ പ്രിയതാരത്തിന് ബാഷ്പാഞ്ജലികൾ അർപ്പിച്ചു. നിലവിളക്ക് കൊളുത്തിവച്ച ജാതിമരച്ചുവട്ടിൽ പ്രണാമം അർപ്പിച്ചവർ നാടൻ പാട്ടുകളും ആലപ്പിച്ചു. മണിയുടെ പാട്ടുകളിൽ നിരവധി പേർ നൃത്തചുവടുകളും വച്ചു. മണിക്കൂടാരത്തിലെ കല്ലറയിലും ആളുകളെത്തി പുഷ്പാർച്ചന നടത്തി.