പാമ്പിനൊപ്പം ഡിന്നർ കഴിക്കാം !

Tuesday 07 March 2023 4:09 AM IST

ക്വാലാലംപ്പൂർ: വളർത്തുമൃഗങ്ങളെയും കസ്റ്റമേഴ്സിനൊപ്പം അനുവദിക്കുന്ന റെസ്റ്റോറന്റുകൾ ലോകത്തിന്റെ അങ്ങോളമിങ്ങോളമുണ്ട്. എന്നാൽ ഉരഗങ്ങൾക്ക് വേണ്ടിയുള്ള കഫേകളെ പറ്റി കേട്ടിട്ടുണ്ടോ ?. ലോകത്തെ ആദ്യത്തെ ഉരഗ കഫേ മലേഷ്യയിലാണ്. ഫാംഗ്സ് ബൈ ഡെകോരി എന്നാണ് ഈ പ്രീമിയം കഫേയുടെ പേര്. ഉരഗങ്ങളെ വളർത്താൻ ഏറെ ഇഷ്ടമുള്ള യാപ് മിംഗ് യാംഗ് എന്നയാളാണ് കഫേയ്ക്ക് പിന്നിൽ. നായ, പൂച്ച പോലുള്ള ഓമനമൃഗങ്ങളെ പോലെ പല്ലി, പാമ്പ് തുടങ്ങിയവയ്ക്കും ആളുകൾ പ്രാധാന്യം നൽകുമെന്നാണ് കഫേ സ്ഥാപിച്ചതിലൂടെ ഇദ്ദേഹം പ്രതീക്ഷിക്കുന്നത്. രാജ്യ തലസ്ഥാനമായ ക്വാലാലംപ്പൂരിലാണ് ഈ വിചിത്ര കഫേയുള്ളത്. ഫിഷ് ടാങ്കുകൾ സാധാരണ കഫേകളിലൊക്കെ കാണാം. എന്നാൽ ഈ കഫേയിലെ ഗ്ലാസ് ടാങ്കിൽ കോൺ സ്നേക്ക്, ലെപ്പേഡ് ഗെകോ ( ഒരിനം പല്ലി ), ബിയേഡ് ഡ്രാഗൺ തുടങ്ങിയ ഉരഗങ്ങളാണുള്ളത്. ഇവിടെയെത്തുന്ന കുട്ടികളടക്കമുള്ള കസ്റ്റമേഴ്സ് ആകട്ടെ പാമ്പുകൾ അടക്കമുള്ള വളർത്തുജീവികളുമായെത്തിയാണ് ഭക്ഷണ പദാർത്ഥങ്ങൾ ആസ്വദിക്കുന്നത്. കഫേയിൽ വളർത്തുന്ന ഉരഗങ്ങളുമായി ഇടപഴകാനും അവയ്ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കാനും കസ്റ്റമേഴ്സിന് അവസരമുണ്ട്. വിചിത്ര ഭക്ഷണ ശാലകൾ ലോകത്ത് വേറെയുമുണ്ട്. ജപ്പാനിലെ ഒസാക്കയിലെ സാവുഒ റെസ്റ്റോറന്റിലെത്തുന്നവർക്ക് അവിടുത്തെ കുളത്തിൽ നിന്ന് മീനെ പിടിക്കാൻ അവസരമുണ്ട്. ശേഷം ഈ മീൻ സഷിമി, ഡീപ്പ് ഫ്രൈഡ് ഫിഷ് തുടങ്ങി കസ്റ്റമറിന്റെ ഇഷ്ടാനുസരണമുള്ള വിഭവങ്ങളായി തീൻമേശയിലേക്ക് വൈകാതെ എത്തിച്ചു തരും. റെഡ് സ്നാപ്പർ ഫിഷ് പോലുള്ള വിലകൂടിയ മത്സ്യങ്ങളാണ് ഈ റെസ്റ്റോറന്റിലെ കുളത്തിലുള്ളത്.