ഇന്ത്യക്കെതിരെ വിവാദ പരാമർശവുമായി ശർമ്മ ഒലി, നിരസിച്ച് പ്രചണ്ഡ സർക്കാർ

Tuesday 07 March 2023 4:12 AM IST

കാഠ്മണ്ഡു: നേപ്പാൾ ഭരണകൂടം സംഘർഷങ്ങളിലൂടെ കടന്നുപോകുന്നതിനെതിരെ വിവാദ പരാമർശവുമായി മുൻ പ്രധാനമന്ത്രിയും സി.പി.എൻ - യു.എം.എൽ നേതാവുമായ കെ.പി. ശർമ്മ ഒലി. ചൈനയുടെ നിയന്ത്രണത്തിലുള്ള ടിബറ്റൻ മേഖലയോട് ചേർന്ന അതിർത്തിയിൽ മുസ്താംഗ് ജില്ലയിലെ നിരോധിത മേഖലയിൽ ഇന്ത്യൻ സഹായത്തോടെ ബുദ്ധ സർവകലാശാല സ്ഥാപിക്കാൻ സർക്കാർ പദ്ധതിയിടുന്നെന്നാണ് ഒലിയുടെ ആരോപണം.

ഇന്ത്യയ്ക്ക് ഇതിനുള്ള അനുവാദം നൽകിയ പ്രധാനമന്ത്രി പുഷ്പ കമൽ ദഹാൽ പ്രചണ്ഡ ചൈനയെ വഞ്ചിക്കുകയാണെന്നും ഒലി ആരോപിച്ചു. പദ്ധതി നേപ്പാളിനെ വിദേശികളുടെ കളി സ്ഥലമാക്കാൻ അനുവദിക്കുന്നതാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിൻ മേലുള്ള കടന്നുകയറ്റമാണെന്നും ഒലി കൂട്ടിച്ചേർത്തു.

എന്നാൽ,​ ഒലിയുടെ ആരോപണം വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞ മേഖലയിൽ ബുദ്ധ യൂണിവേഴ്സിറ്റി സ്ഥാപിക്കാൻ അനുവാദം നൽകിയിട്ടില്ലെന്നും നേപ്പാൾ സർക്കാർ ഇന്നലെ അറിയിച്ചു. മുസ്താംഗിൽ ബുദ്ധ യൂണിവേഴ്സിറ്റി സ്ഥാപിക്കാൻ നേപ്പാൾ സർക്കാർ ഇന്ത്യയുടെ സാമ്പത്തിക സഹായം തേടിയെന്ന് ഒരു നേപ്പാളി മാദ്ധ്യമം കഴിഞ്ഞ മാസം അവസാനം റിപ്പോർട്ട് ചെയ്തിരുന്നു.

രാഷ്ട്രീയ സമവാക്യങ്ങളിലുണ്ടായ വിള്ളലുകളുടെ പശ്ചാത്തലത്തിൽ ഫെബ്രുവരി അവസാനം പ്രചണ്ഡ സർക്കാരിൽ നിന്ന് ചൈനീസ് അനുഭാവിയായ ഒലിയുടെ പാർട്ടി പിന്തുണ പിൻവലിച്ചിരുന്നു.

Advertisement
Advertisement