തോഷാഖാന കേസ് : അറസ്റ്റ് വാറണ്ടിനെതിരെയുള്ള ഇമ്രാന്റെ ഹർജി തള്ളി

Tuesday 07 March 2023 4:12 AM IST

ഇസ്ലാമാബാദ് : തോഷാഖാന കേസിൽ തനിക്കെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് തടയണമെന്ന് കാട്ടി പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പി.ടി.ഐ ( പാകിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫ് )​ പാർട്ടി ചെയർമാനുമായ ഇമ്രാൻ ഖാൻ സമർപ്പിച്ച ഹർജി കോടതി തള്ളി. ഇമ്രാന്റെ അഭിഭാഷകർക്ക് ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാമെന്ന് ഇസ്ലാമാബാദ് അഡിഷണൽ സെഷൻസ് കോടതി ജഡ്ജി സഫർ ഇഖ്‌ബാൽ ഇന്നലെ അറിയിച്ചു. കേസിന്റെ വാദങ്ങളിൽ ഇമ്രാൻ തുടർച്ചയായി ഹാജരാകാത്തതിനാൽ കസ്റ്റഡിയിലെടുത്ത് ഇന്ന് ഹാജരാക്കാൻ കോടതി വിധിച്ചിരുന്നു. ഇപ്രകാരം ഇസ്ലാമാബാദ് പൊലീസ് ഞായറാഴ്ച ലാഹോറിലെ സമൻ പാർക്കിലെ ഇമ്രാന്റെ വസതിയിലെത്തിയെങ്കിലും പി.ടി.ഐ പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാനായില്ല. ഇമ്രാൻ ഇന്ന് കോടതിയിൽ ഹാജരാകുമെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകർ പറയുന്നത്. തനിക്ക് ലഭിച്ച വിദേശ ഉപഹാരങ്ങൾ നിയമപ്രകാരമുള്ള ഇളവിൽ തോഷാഖാന വകുപ്പിൽ നിന്ന് വാങ്ങി കോടികളുടെ ലാഭത്തിന് മറിച്ചുവിറ്റെന്നും ഇത് ആദായനികുതി റിട്ടേണിൽ നിന്നും ഇലക്ഷൻ കമ്മിഷനിൽ നിന്നും മറച്ചുവച്ചെന്നുമാണ് ഇമ്രാനെതിരെയുള്ള കേസ്. പാക് ഭരണാധികാരികൾക്ക് ലഭിക്കുന്ന ഉപഹാരങ്ങൾ സൂക്ഷിക്കുന്ന വകുപ്പാണ് തോഷാഖാന. അതേ സമയം, ഇമ്രാന്റെ എല്ലാവിധ പ്രസംഗങ്ങളും സംപ്രേക്ഷണം ചെയ്യുന്നതിന് പാക് ചാനലുകൾക്ക് വിലക്കേർപ്പെടുത്തിയുള്ള ഉത്തരവ് സർക്കാർ ഞായറാഴ്ച പുറത്തിറക്കിയിരുന്നു.