പാകിസ്ഥാനിൽ ചാ​വേർ സ്ഫോടനം : 9 പൊലീസുകാർ കൊല്ലപ്പെട്ടു

Tuesday 07 March 2023 4:12 AM IST

കറാച്ചി : തെക്ക് പടിഞ്ഞാറൻ പാകിസ്ഥാനിൽ ചാവേർ സ്ഫോടനത്തിൽ ഒമ്പത് പൊലീസുകാർ കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്കേറ്റു. ബലൂചിസ്ഥാൻ പ്രവിശ്യയിൽ ക്വെറ്റയിൽ നിന്ന് 120 കിലോമീറ്റർ അകലെ തെക്ക് കിഴക്കായുള്ള കച്ചി ജില്ലയിലെ ദാദർ പട്ടണത്തിൽ ഇന്നലെയായിരുന്നു സംഭവം. സ്ഫോടക വസ്തുക്കളുമായി മോട്ടോർ സൈക്കിളിലെത്തിയ ചാവേർ പൊലീസുകാർ സഞ്ചരിച്ചിരുന്ന ട്രക്കിന്റെ പിറകിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. സ്ഫോടനത്തിൽ ബസ് പൂർണമായും തകർന്നു. ഒരു ആഘോഷ പരിപാടിയ്ക്ക് സുരക്ഷ ഒരുക്കിയ ശേഷം പൊലീസുകാർ ക്വെറ്റയിലേക്ക് മടങ്ങവെയായിരുന്നു അപകടം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പാകിസ്ഥാനിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ഭീകരാക്രമണം വർദ്ധിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ജനുവരി 30ന് പെഷവാറിൽ പൊലീസ് ആസ്ഥാനത്തോട് ചേർന്ന മുസ്ലിം പള്ളിയിലുണ്ടായ ചാവേർ ബോംബാക്രമണത്തിൽ 83 പൊലീസുകാർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മാസം കറാച്ചിയിലെ പൊലീസ് മേധാവിയുടെ ഓഫീസിലുണ്ടായ ഭീകരാക്രമണത്തിൽ നാല് സുരക്ഷാ ജീവനക്കാർ കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാനി താലിബാനാണ് (തെഹ്‌രീക് - ഇ - താലിബാൻ പാകിസ്ഥാൻ - ടി.ടി.പി) ഈ ആക്രമണങ്ങൾക്ക് പിന്നിലെന്ന് കരുതുന്നു.