നാളെ മുതൽ 30 വരെ ഇനി പരീക്ഷാച്ചൂട്; ആത്മവിശ്വാസത്തോടെ പത്താം കടമ്പ കടക്കാം.

Wednesday 08 March 2023 12:42 AM IST

കോട്ടയം . വേനൽച്ചൂടിൽ തളരാതെ ജില്ലയിലെ 18928 വിദ്യാർത്ഥികൾ നാളെ പത്താം ക്ലാസ് പരീക്ഷാഹാളിലേക്ക്. 29 വരെയാണ് പരീക്ഷ. നാളെ രാവിലെ 9.30 ന് ഒന്നാം ഭാഷ പാർട്ട് 1 പരീക്ഷയോടെയാണ് തുടക്കം. 255 പരീക്ഷാകേന്ദ്രങ്ങളിലായി ഇത്തവണ 9498 ആൺകുട്ടികളും 9430 പെൺകുട്ടികളും പരീക്ഷയെഴുതും.

ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതുന്നത് കോട്ടയം മൗണ്ട് കാർമൽ സ്കൂളിലാണ് , 375 പേർ. അഞ്ചു കുട്ടികൾ വീതം പരീക്ഷയെഴുതുന്ന വാഴപ്പള്ളി ​ഗവൺമെന്റ് ഹൈസ്കൂളിലും ഏറ്റുമാനൂർ ​ഗവൺമെന്റ് വിഎച്ച്എസ്എസിലുമാണ് ഏറ്റവും കുറവ്. 239 ഭിന്നശേഷി കുട്ടികളും പരീക്ഷയെഴുതുന്നു.

ഇം​ഗ്ലീഷ്, സോഷ്യൽ സയൻസ്, ​ഗണിതം എന്നിവ രാവിലെ 9.30 മുതൽ ഉച്ചയ്‌ക്ക് 12.15 വരെയും, മറ്റുള്ളവ 11.15 വരെയുമാണ്. കഴിഞ്ഞ വർഷം ജില്ലയിൽ 19452 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. 99.07 ആയിരുന്നു വിജയശതമാനം. 1843 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ഇത്തവണ വിജയശതമാനം ഉയർത്താനുള്ള കൂട്ടായ ശ്രമത്തിലാണ് അദ്ധ്യാപകരും വിദ്യാർത്ഥികളും. ഹയർസെക്കൻഡറി പരീക്ഷ 10ന് ആരംഭിച്ച് 30 ന് അവസാനിക്കും.

വേനൽച്ചൂടിൽ പതറരുത് ഇത്തവണ പരീക്ഷകൾ രാവിലെ ആയതിനാൽ വേനൽച്ചൂടിനെ പേടിക്കേണ്ടെന്നാണ് അധികൃതർ പറയുന്നത്. മിക്ക പരീക്ഷകളും 11.15ന് അവസാനിക്കും. പരീക്ഷാഹാളിൽ വായു സഞ്ചാരം ഉറപ്പാക്കും. എല്ലാ ഹാളി​ന്റെയും പുറത്ത് കുടിവെള്ളം കരുതും. കുട്ടികൾക്ക് ബോട്ടിലുകളിൽ കുടിവെള്ളം കൊണ്ടുവരാം. കൊവിഡ് ഭീതിയൊഴിഞ്ഞതിനാൽ മാസ്ക് നിർബന്ധമല്ല. പനിയും മറ്റ് അസുഖങ്ങളും ഉള്ളവർക്ക് പ്രത്യേക ക്രമീകരണം ഒരുക്കും. പരീക്ഷാ ക്രമക്കേട് തടയാൻ നാല് സ്ക്വാഡുകൾ സ്കൂളുകളിൽ പരിശോധന നടത്തും. ചോദ്യ പേപ്പറുകളുടെ സോർട്ടിം​ഗ് പൂർത്തിയാക്കി 16 ട്രഷറികളിലും 18 എസ്ബിഐ ലോക്കറുകളിലും സൂക്ഷിച്ചിട്ടുണ്ട്. പരീക്ഷ ദിവസം രാവിലെ ചാർജ് ഓഫീസർമാരുടെയും മുതിർന്ന അദ്ധ്യാപകരുടെയും നേതൃത്വത്തിൽ ഇവ സ്കൂളുകളിൽ എത്തിക്കും.

പരീക്ഷയെഴുതുന്നവർ (വിദ്യാഭ്യാസ ജില്ല, സ്കൂളുകൾ, ആൺകുട്ടികൾ, പെൺകുട്ടികൾ, ആകെ)

കോട്ടയം : 95, 3576, 3820, 7396 പാലാ : 46, 1618, 1559, 3177 കാഞ്ഞിരപ്പള്ളി : 72, 2684, 2443, 5127 കടുത്തുരുത്തി : 42, 1620, 1608, 3228