പാലൂറ്റാതെ റബർ മരങ്ങൾ, പക്ഷെ വിലയിൽ കുതിപ്പ്.

Wednesday 08 March 2023 12:48 AM IST

കോട്ടയം . ശക്തമായ വേനലിൽ ടാപ്പിംഗ് നിലച്ച് ഉത്പാദനം കുറഞ്ഞ് ഡിമാൻഡ് കൂടിയതോടെ റബർ വിലയിൽ കുതിപ്പ്. നാലാം തരം റബർ കിലോയ്ക്ക് നാല് രൂപയും അഞ്ചാം തരത്തിന് മൂന്ന് രൂപയും ഉയർത്തിയാണ് ടയർ കമ്പനികൾ റബർ വാങ്ങിയത്. റബർ ബോർഡ് വില ആ‌ർ എസ് എസ് നാലാം ഗ്രേഡിന് 145 രൂപയാണ്. ഫൈവിന് 141. ഏറെ നാളായി 130 വരെ താഴ്ന്ന ശേഷമായിരുന്നു വർദ്ധനവ്. വ്യാപാരി വില ഫോറിന് 140 ഉം ഫൈവിന് 136 രൂപയുമാണ്. അന്താരാഷ്ട്ര വിപണിയിലും റബറിന് ഉണർവാണ്. ചൈന സജീവമായി രംഗത്ത് വന്നതും ബാങ്കോക്കിലും ജപ്പാനിലും വില ഉയർന്നതും ആവശ്യത്തിന് റബർ കിട്ടാതെ വന്നതും വില ഉയർത്തി. ബാങ്കോക്കിൽ 146 രൂപ എത്തുമ്പോൾ കേരള വിപണിയിൽ കിലോയ്ക്ക് 150 കടക്കേണ്ടതാണ്. എന്നാൽ ആഭ്യന്തര വില ഉയരാതിരിക്കാനുള്ള തന്ത്രങ്ങളാണ് ടയർ കമ്പനികളും വൻ കിട വ്യവസായികളും നടത്തുന്നത്. ഷീറ്റ് വില ഉയർത്തി ചരക്ക് സംഭരിക്കാൻ വലിയ താത്പര്യം കാണിക്കുന്നില്ലെങ്കിലും ടാപ്പിംഗ് നിലച്ചതിനാൽ വിപണി നിയന്ത്രണം കൈപ്പിടിയിലാക്കി വില കുതിച്ചു കയറാതിരിക്കാനുള്ള സ്ഥിരം കളികൾ വ്യാപാരികൾ നടത്തുകയാണ്.

പ്രയോജനം വൻകിടക്കാർക്ക്

സാധാരണ കർഷകരുടെ കൈവശം സ്റ്റോക്കില്ലാത്തതിനാൽ വില വർദ്ധനവിന്റെ പ്രയോജനം വൻകിടക്കാർക്കാണ് ലഭിക്കുക. വേനൽച്ചൂടിൽ റബർ തൈകൾക്ക് ഉണക്ക് ബാധിച്ചു. മരങ്ങൾ ഇലപൊഴിച്ചു തുടങ്ങി. കനത്ത ചൂടിൽ റബർ തൈകൾ കരിഞ്ഞുണങ്ങുന്നത് റബർ നഴ്സറിക്കാർക്കും വലിയ പ്രതിസന്ധി സൃഷ്ടിക്കും. ആവശ്യത്തിന് തൈകൾ കിട്ടാതെ വരുന്നത് റബർ കൃഷിയെയും ബാധിക്കും.

റബർ കർഷകൻ ടോം മാത്യു പറയുന്നു

ടാപ്പിംഗ് നിലച്ച് ഉത്പാദനം കുറയുന്ന വേനൽക്കാലത്ത് വില ഉയരുന്നതിന്റെ പ്രയോജനം വൻകിടക്കാർക്കാണ്. തറ വില ഉയർത്താത്തതിനാൽ വില സ്ഥിരതാ ഫണ്ടിൽ നിന്നുള്ള പ്രയോജനവുമില്ല. സബസിഡി ഇനത്തിൽ വൻ തുക കുടിശികയും കിട്ടാനുണ്ട്.