ആധാരങ്ങളുടെ പോക്കുവരവ്

Wednesday 08 March 2023 12:00 AM IST

രജിസ്റ്റർ ചെയ്യപ്പെടുന്ന ആധാരം സ്വന്തം പേരിൽ പോക്കുവരവ് ചെയ്ത് കരമടയ്ക്കുമ്പോൾ മാത്രമേ വസ്തുവിന്റെ ഉടമസ്ഥാവകാശം പൂർണമാകൂ. തടസം കാരണം പോക്കുവരവ് ചെയ്യാൻ കഴിയാത്ത പ്രമാണത്തിന്റെ പേരിൽ വായ്‌പ പോലും കിട്ടില്ല. അതിനാൽ വസ്തുവിനെ സംബന്ധിച്ച് ഏറ്റവും പ്രധാന ഘടകമാണ് പോക്കുവരവ്. ഒരു വസ്തു വില്‌ക്കുമ്പോൾ നമ്മുടെ ഉടമസ്ഥാവകാശം പോവുകയും വാങ്ങുന്നയാളിന്റെ പേരിൽ വരികയും ചെയ്യുന്നു. പഴയ കാലത്ത് പോക്കുവരവ് ചെയ്യാനും കരമടയ്ക്കാനും വില്ലേജ് ഓഫീസുകളിൽ പലതവണ കയറിയിറങ്ങണമായിരുന്നു. അക്ഷയ സെന്ററുകൾ വന്നതോടെ കരമടയ്ക്കൽ വളരെ എളുപ്പമായി. എന്നാൽ പുതിയ ആധാരം രജിസ്റ്റർ ചെയ്താൽ ആദ്യമായി പോക്കുവരവ് ചെയ്യാൻ വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും പലതവണ കയറിയിറങ്ങേണ്ട അവസ്ഥ നിലനില്‌ക്കുന്നു. വില്ലേജ് ഓഫീസിൽ ചെല്ലുമ്പോൾ താലൂക്ക് ഓഫീസിൽ നിന്ന് നമ്പർ വന്നില്ലെന്ന് പറയും. ആധാരം രജിസ്റ്റർ ചെയ്ത‌യാൾ പിന്നീട് താലൂക്ക് ഓഫീസിൽ പോയി സമ്മർദ്ദം ചെലുത്തിയാലേ നമ്പർ വില്ലേജ് ഓഫീസിലേക്ക് അയയ്ക്കൂ. ഇതിനൊക്കെ ഈ ഓഫീസുകളുമായി ബന്ധപ്പെട്ട് ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. ആ വഴിയിൽ പോകുന്നവർക്ക് കാര്യങ്ങൾ എളുപ്പമാവും.

ആധാരം രജിസ്റ്റർ ചെയ്യുമ്പോൾത്തന്നെ സർക്കാർ നിശ്ചയിച്ചിട്ടുള്ള എല്ലാവിധ ഫീസുകളും അടയ്ക്കണം. എല്ലാം ഡിജിറ്റലാകുന്ന ഈ കാലത്ത് അന്നേദിവസം പോക്കുവരവ് കൂടി നടത്തിക്കിട്ടിയാൽ ജനങ്ങൾക്ക് ഒഴിവാകുന്ന കഷ്ടപ്പാടും മെനക്കേടും ചില്ലറയല്ല. പ്രത്യേകിച്ചും പ്രവാസികൾക്ക് അത് വളരെ ഗുണം ചെയ്യും. വസ്തു എഴുതാൻവേണ്ടി മാത്രം വിദേശത്തുനിന്ന് എത്തുന്നവരുണ്ട്. അവർ കുറച്ച് ദിവസം മാത്രമേ നാട്ടിലുണ്ടാവൂ. ഇതിനിടയിൽ വസ്തു എഴുത്തും പോക്കുവരവും നടന്നുകിട്ടിയാൽ അവർക്ക് സമാധാനമായി തിരിച്ചുപോകാം. അതിനാൽ ആധാരങ്ങൾ രജിസ്റ്റർ ചെയ്യുന്ന ദിവസം തന്നെ പോക്കുവരവ് ചെയ്യാനുള്ള സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി വി. എൻ. വാസവൻ നിയമസഭയിൽ നടത്തിയ പ്രസ്താവനയെ വളരെയധികം പ്രതീക്ഷയോടെയാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്. ഇത് ഒരു പ്രഖ്യാപനമായി മാത്രം നില്‌ക്കരുത്. എത്രയും വേഗം നടപ്പിലാക്കണം. ഇതിനായി 315 സബ് രജിസ്ട്രാർ ഓഫീസുകളിലും ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി സഭയെ അറിയിച്ചിട്ടുണ്ട്.

ഇപ്പോൾ രജിസ്റ്റർ ചെയ്യുന്ന ആധാരം മടക്കിലഭിക്കാൻ ആഴ്ചകൾ താമസിക്കും. ഇത് മാറ്റി അന്നേദിവസം തന്നെ ആധാരം മടക്കി നല്‌കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞതും സ്വാഗതാർഹമാണ്. ആധുനിക ഡിജിറ്റൽ സംവിധാനങ്ങൾ ഇത്രമാത്രം വികസിച്ചിട്ടുള്ള ഇക്കാലത്ത് അതിന്റെ പ്രയോജനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കിയാൽ പോക്കുവരവിനും മറ്റുമായി കയറിയിറങ്ങേണ്ട അവസ്ഥ പാടെ ഒഴിവാക്കാം. ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ ആധാരം തയ്യാറാക്കുകയും ആധാര കക്ഷികളുടെ വിരൽപ്പതിപ്പും ഫോട്ടോയും ഡിജിറ്റലായി ആധാരത്തിന്റെ ഭാഗമാക്കി രജിസ്ട്രേഷൻ നടപടികൾ ലളിതമാക്കാനും നടപടികളുണ്ടാകുന്നതും നല്ലതാണ്. ഇത്തരം നടപടികൾ എത്രയും വേഗം നടപ്പിൽ വരുത്താനുള്ള സത്വര നടപടിയാണ് ഇനി വേണ്ടത്.

Advertisement
Advertisement