നോമ്പുകാലം ആരംഭിച്ചിട്ടും, ഇറച്ചിക്കോഴി വില മാനത്ത്.

Wednesday 08 March 2023 1:28 AM IST

കോട്ടയം: നോമ്പ്കാലം ആരംഭിച്ചിട്ടും ഇറച്ചിക്കോഴി വിലയിൽ കുറവില്ല. ആഴ്ചകൾക്ക് മുമ്പ് 94 രൂപയായിരുന്ന ഇറച്ചിക്കോഴിക്ക് ഇന്നലെ 104 രൂപയായിരുന്നു. ഗ്രാമപ്രദേശങ്ങളിൽ 107 രൂപ വരെ ഈടാക്കുന്നവരുമുണ്ട്. ക്രൈസ്തവ വിശ്വാസം അനുസരിച്ചുള്ള 50 നോമ്പ് ആരംഭിച്ചു. ഈ ഘട്ടത്തിൽ ഇറച്ചിക്കോഴിക്ക് 80 രൂപ വരെ മുൻപ് കുറവുണ്ടായിട്ടുണ്ട്. ആവശ്യക്കാർ കുറഞ്ഞിട്ടും കോഴിവില ഉയർന്നുനിൽക്കുന്ന സ്ഥിതിയാണ്. ഇറച്ചിക്കോഴി വിപണിയിലെ ലോബികളുടെ ഇടപെടലാണ് വിലവർദ്ധനയ്ക്ക് ഇടയാക്കിയതെന്നാണ് വ്യാപാരികൾ പറയുന്നത്. വേനൽച്ചൂട് ഏറിയതോടെ കോഴിയിറച്ചി വാങ്ങുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. തമിഴ്‌നാട്, പെരുമ്പാവൂർ എന്നിവിടങ്ങളിൽ നിന്നാണ് നഗരത്തിലെ ഇറച്ചിക്കടകളിലേക്ക് കോഴികൾ എത്തുന്നത്. തദ്ദേശീയ ഫാമുകളിൽ നിന്ന് ഇറച്ചിക്കോഴി വാങ്ങി വില്പന നടത്തുന്നവരുമുണ്ട്. ഇറച്ചിക്കോഴി വിലയിൽ ഏകീകരണം ഇല്ലാത്തതാണ് ഉപഭോക്താക്കളെ വട്ടംചുറ്റിക്കുന്നത്.