അമ്മയ്ക്ക് അമലയുടെ പിറന്നാൾ സമ്മാനം, ബാലിയിൽ ഒരു മരം
സിനിമാതിരക്കുകളിൽ നിന്ന് ചെറിയൊരു ഇടവേള എടുത്തിരിക്കുകയാണ് അമല പോൾ. ബാലിയിൽ അമ്മയുടെ പിറന്നാൾ ദിനത്തിൽ അമല നൽകിയ സമ്മാനത്തിന്റെ ചിത്രങ്ങൾ താരം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. മാങ്കോസ്റ്റിൻ മരത്തിന്റെ തൈ നട്ട് അമല പിറന്നാൾ ആശംസ നേരുന്നത് വീഡിയോയിൽ കാണാം. അമലയുടെ സുഹൃത്തുക്കളെയും വീഡിയോയിൽ കാണാം. പിറന്നാൾ ആശംസകൾ മമ്മീ, എനിക്ക് ജന്മം നൽകിയതിന് നന്ദി. ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു. പിറന്നാൾ ദിവസം ഞാനവിടെ ഇല്ലാത്തതിന് ക്ഷമചോദിക്കുന്നു. പക്ഷേ അമ്മയുടെ ഏറ്റവും പ്രിയപ്പെട്ട പഴമായ മാങ്കോസ്റ്റിൻ ബാലിയുടെ മണ്ണിൽ ഞാൻ നടുകയാണ്. ലോകത്തുള്ള എല്ലാ അമ്മമാർക്കുമായി ഞാൻ നടുന്നു. വീഡിയോയിൽ അമല പറഞ്ഞു. അന്നീസ് പോൾ എന്നാണ് അമലയുടെ അമ്മയുടെ പേര്.