പരിശോധനയിൽ ക്രമക്കേട് കണ്ടെത്തി: റേഷൻകട സസ്പെൻഡ് ചെയ്തു

Wednesday 08 March 2023 1:57 AM IST

ഫോർട്ടുകൊച്ചി: റേഷനിംഗ് അധികൃതർ നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് ഫോർട്ടുകൊച്ചിയിൽ റേഷൻകട സസ്പെൻഡ് ചെയ്തു. അമരാവതി കോ ഓപ്പറേറ്റീവ് സ്റ്റോർ ലൈസൻസിയായ എ.ആർ.ഡി 47 നമ്പർ റേഷൻകടയാണ് ജില്ലാ സപ്ളൈ ഓഫീസറുടെ നിർദ്ദേശപ്രകാരം കൊച്ചി സിറ്റി റേഷനിംഗ് ഓഫീസർ സസ്പെൻഡ് ചെയ്തത്‌. ഉത്തരവ് നടപ്പാക്കാനെത്തിയ വനിതാ റേഷനിംഗ് ഇൻസ്പെക്ടർ സി.വി. മോളിയെ കടയിലുള്ളവർ തടഞ്ഞു.

ജനുവരി 12ന് താമരപ്പറമ്പ് സ്കൂളിന്റെ സമീപത്തുനിന്ന് കരിഞ്ചന്തയിൽ ഓട്ടോയിൽ കടത്തുകയായിരുന്ന 24 ചാക്ക് റേഷൻ ഭക്ഷ്യധാന്യങ്ങൾ പൊലീസ് പിടികൂടിയിരുന്നു. ഇതിന് സമീപത്താണ് നിലവിൽ സസ്പെൻഡ് ചെയ്യപ്പെട്ട റേഷൻകട പ്രവർത്തിക്കുന്നത്.

അന്നത്തെ പരിശോധനയിൽ ഈ കടയിൽ പച്ചരി 430 കിലോ കൂടുതലും പുഴുക്കലരി 209 കിലോ, കുത്തരി 498 കിലോ, ഗോതമ്പ് 97 കിലോ, ആട്ട 354 കിലോ, മണ്ണെണ്ണ പതിനേഴരലിറ്റർ എന്നിവ കുറവും കണ്ടെത്തി. തിങ്കളാഴ്ച നടത്തിയ പരിശോധനയിലും ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.

മട്ടാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ തൃതീപ്ചന്ദ്രന്റെ നേതൃത്വത്തിലെത്തിയ പൊലീസിന്റെ സാന്നിദ്ധ്യത്തിൽ സ്റ്റോക്ക് നീക്കുന്നതിനുള്ള നടപടികൾ ചെയ്യുകയായിരുന്നു. സ്റ്റോക്ക് എ.ആർ.ഡി 37ലേക്കാണ് മാറ്റിയത്. സസ്പെൻഡ് ചെയ്യപ്പെട്ട കടയിലെ കാർഡുകൾ എ.ആർ.ഡി 37, എ.ആർ.ഡി 50 എന്നീ കടകളിലേക്കും മാറ്റി. വൈകിട്ട് ആറോടെയാണ് നടപടികൾ അവസാനിപ്പിച്ചത്.

അതേസമയം റേഷനിംഗ് അധികൃതരുടേത് പ്രതികാര നടപടിയാണെന്നും ചട്ടങ്ങൾ മറികടന്നാണ് ഉത്തരവ് നടപ്പാക്കിയതെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അമരാവതി കോ ഓപ്പറേറ്റീവ് സ്റ്റോർ പ്രസിഡന്റ് ഭവൽസിംഗ് പറഞ്ഞു.

Advertisement
Advertisement