പൂരനഗരിയിൽ രണ്ട് വർഷത്തിന് ശേഷം വീണ്ടും കേളത്തിന്റെ മേളപ്പെരുക്കം

Wednesday 08 March 2023 12:00 AM IST

തൃശൂർ: പൂരനഗരിയിൽ രണ്ട് വർഷത്തിന് ശേഷം വീണ്ടും കേളത്തിന്റെ മേളപ്പെരുക്കം. തൃശൂർ പൂരത്തിൽ നിന്ന് മാറിയെങ്കിലും ഇന്നലെ പാറമേക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിന് കേളത്ത് അരവിന്ദാക്ഷൻ മാരാർ പഞ്ചാരയിൽ വിസ്മയം തീർത്തു. കഴിഞ്ഞ വർഷം മുതലാണ് തൃശൂർ പൂരത്തിൽ നിന്ന് കേളത്ത് അരവിന്ദാക്ഷൻ മാരാർ പിൻമാറിയത്. എന്നാൽ ഇപ്പോഴും ഉത്സവങ്ങളിൽ സജീവമാണ് കേളത്ത്.

ഇന്നലെ രാവിലെ എട്ടര മുതൽ രണ്ടര മണിക്കൂറോളം പഞ്ചാരിയിൽ അസ്വാദക മനം നിറച്ച കേളത്ത് തന്റെ പ്രായത്തെ മറന്നാണ് പാറമേക്കാവ് നടയ്ക്കൽ കൊട്ടിക്കയറിയത്. കേളത്തിന് വലത്ത് ചേറൂർ രാജപ്പൻ മാരാരും ഇടത്ത് പരിയാരത്ത് രാജൻ മാരാരും കൂട്ടായി. വീക്കം ചെണ്ടയ്ക്ക് പെരുവനം ഗോപാലകൃഷ്ണനും കുറും കുഴലിന് വെളപ്പായ നന്ദനും ഇലത്താളത്തിന് കുമ്മത്ത് നന്ദനനും പ്രമാണിമാരായി.

നൂറോളം വാദ്യ കലാകാരൻമാരാണ് പഞ്ചാരി മേളത്തിൽ അണിനിരന്നത്. നാലര പതിറ്റാണ്ടോളം തൃശൂർ പൂരത്തിൽ പാറമേക്കാവ് തിരുവമ്പാടി വിഭാഗങ്ങൾക്കായി വാദ്യവിസ്മയം തീർത്ത കേളത്ത് 36 വർഷം പാറമേക്കാവിലായിരുന്നു. ഒമ്പത് വർഷം തിരുവമ്പാടിയിലും മേളഗോപുരം തീർത്തു. പ്രായാധിക്യത്തിന്റെ അവശത ഉണ്ടെങ്കിലും ചെണ്ട തോളിലിട്ടാൽ കേളത്തിന് പതിനെട്ടിന്റെ ചെറുപ്പമാണ്.