ശബ്‌ദവും വെളിച്ചവും ഗോവിന്ദവിലാസം സൗണ്ട്സ്

Wednesday 08 March 2023 12:00 AM IST

ഗുരുവും ദൈവവും തന്റെ അടുത്ത് ഒരുമിച്ച് വന്നാൽ താൻ ആദ്യം ഗുരുവിനെ വണങ്ങുമെന്നും അതിന് ശേഷമെ ദൈവത്തെ വണങ്ങൂവെന്നും പറഞ്ഞത് പ്രശസ്ത ഹിന്ദി കവി കബീർദാസ് ആണ്. ഗുരുവാണ് ദൈവത്തെപ്പറ്റി പറഞ്ഞു പഠിപ്പിച്ചതെന്നാണ് അതിന് കാരണമായി കബീർദാസ് പറയുന്നത്. ഗുരു എന്ന വാക്കിന് അതി പവിത്രമായ ഒരു സ്ഥാനമാണ് നമ്മുടെ രാജ്യം ചരിത്രാതീത കാലം മുതൽ നൽകുന്നത്. ഏറെ മഹത്തരമായ ഒരു കാര്യമായി അതിനെ സമൂഹം കാണുന്നു. ഗുരു എന്നതിന് സമാനമായി ആംഗലേയ ഭാഷയിൽ നമ്മൾ ഉപയോഗിക്കുന്ന വാക്കുകൾ ടീച്ചർ, മാസ്റ്രർ എന്നൊക്കെയാണ്. അദ്ധ്യാപകൻ , പരിശീലകൻ എന്നൊക്കെയുള്ള അർത്ഥത്തിലാണ് ഇത് ഉപയോഗിക്കാറുള്ളത്. നമ്മൾ മലയാളികൾ മുണ്ടശ്ശേരി മാഷ്, അഴീക്കോട് മാഷ്, വിജയൻ മാഷ്, സാനുമാഷ് എന്നൊക്കെ സംപൂജ്യരായ വ്യക്തിത്വങ്ങളെ വിശേഷിപ്പിക്കുന്നത് ഗുരുതുല്യർ എന്ന സവിശേഷ പദവിയും മഹത്വവും അവർക്കുണ്ടായിരുന്നതിനാലാണ്.

എല്ലാ കാര്യങ്ങൾക്കും സ്വന്തമായ ചിലചിട്ടവട്ടങ്ങളൊക്കെയുള്ള നമ്മുടെ സ്വന്തം കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയിലും സ്വന്തമായി ചില ആരാദ്ധ്യരുണ്ട്. കെ.കെ.ശൈലജ ടീച്ചർ, പി.കെ.ശ്രീമതി ടീച്ചർ, എം.വി.ഗോവിന്ദൻ മാഷ് തുടങ്ങിയവരാണ് അക്കൂട്ടത്തിൽ പ്രമുഖർ. പാർട്ടി നേതാക്കളെന്ന നിലയ്ക്കും നിയമസഭാ സമാജികരെന്ന നിലയ്ക്കും മന്ത്രിമാരെന്ന നിലയ്ക്കും സ്തുത്യർഹമായി പ്രവർത്തിച്ച മഹത്തുക്കളുമാണ് ഇവരെല്ലാം. ഇവരൊക്കെ സംസാരിക്കുമ്പോൾ പലപ്പോഴും ഗുരുനാഥന്മാരുടെ തലത്തിലേക്ക് ഉയരാറുണ്ട്. പ്രത്യേകിച്ച് നിയമസഭയിലെ പ്രസംഗവേളകളിൽ. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്രർക്ക് അദ്ധ്യാപകനെന്നതിലുപരി പാർട്ടിക്കുള്ളിൽ താത്വികാചാര്യനെന്ന പരിവേഷം കൂടി നമ്മുടെ പാർട്ടി സഖാക്കൾ ചാർത്തികൊടുത്തിട്ടുണ്ട്. ഗോവിന്ദൻമാഷും ആ ധാരണ തെറ്റിക്കാതിരിക്കാൻ പരമാവധി ശ്രമിക്കാറുമുണ്ട്. കേൾക്കുമ്പോൾ ബലാഗുളശാദി ന്യായമെന്നൊക്കെ അസൂയാലുക്കൾക്ക് തോന്നുമെങ്കിലും അർത്ഥം കൊണ്ട് ഗർഭം ധരിച്ച വാക്കുകളും വാചകങ്ങളും മാത്രമെ അദ്ദേഹത്തിന്റെ നാവിൽ നിന്ന് പിറവിയെടുക്കാറുള്ളൂ. പക്ഷെ കേൾക്കുന്ന പലർക്കും തോന്നും ഇതെന്താ ഈ പറയുന്നതെന്ന്. ഒന്നു രണ്ടാവർത്തി കേട്ടാലും പറയുന്നതെന്തെന്ന് മനസിലാവുന്നില്ലെങ്കിൽ ഓർത്തോണം അപ്പറഞ്ഞത് ഒരു താത്വികാചാര്യനാണെന്ന്. കാര്യം വേഗത്തിൽ മനസിലാക്കാൻ 'തേന്മാവിൻകൊമ്പത്ത്' എന്ന സിനിമയിലെ കുതിരവട്ടം പപ്പുവിന്റെ പ്രസിദ്ധമായ പഴയ ഡയലോഗ് ഓർത്താൽ മതി. 'താനാരാണെന്ന് തനിക്കറിയാന്മേലെങ്കിൽ താനെന്നോട് ചോദിക്ക് താനാരാണെന്ന്. തനിക്ക് ഞാൻ പറഞ്ഞതു തരാം താനാരാണെന്ന്. എന്നിട്ട് ഞാനാരാണെന്ന് തനിക്കറിയാന്മേലെങ്കിൽ താനെന്നോട് ചോദിക്ക്, അപ്പോ ഞാൻ പറഞ്ഞു തരാം താനാരാണെന്നും ഞാനാരാണെന്നും'.

ഇത്രയുമൊക്കെ മെനക്കെട്ടിരുന്ന് എഴുതിയത് ഗോവിന്ദൻ മാഷിനെ പുകഴ്താനല്ല, ഗോവിന്ദൻ മാഷിന്റെ പരസ്യമായ ഉപദേശം കേട്ട് സംസ്ഥാനതലത്തിൽ പ്രശസ്തനായ മാളയിലെ പാവം മൈക്ക് ഓപ്പറേറ്റർക്ക് മനസിലാവാൻ വേണ്ടിയാണ്. ജനകീയപ്രതിരോധ ജാഥയ്ക്കുള്ള സ്വീകരണ ചടങ്ങിൽ ഗോവിന്ദൻ മാഷിന്റെ വാക്കുകൾ മുത്തുമണികൾ പോലെ ഉതിർന്നു വീണുകൊണ്ടിരുന്നപ്പോഴാണ് , മൈക്ക് ഇടയ്ക്കിടെ പണിമുടക്കിയത്. ഒരു മുത്തുപോലും പാഴാക്കാനില്ലാത്ത ആശയസമ്പുഷ്ടമായ പ്രസംഗം അതേ രീതിയിൽ പാർട്ടി സഖാക്കളുടെ കർണപുടങ്ങളിലേക്ക് എത്തിയില്ലെങ്കിൽ കമ്മ്യൂണിസത്തിൽ വിള്ളൽ വരില്ലേ, നവോത്ഥാനത്തിന്റെ ധാര മുറിയില്ലേ. ഈ ആശയക്കുഴപ്പത്തിൽ നിൽക്കുമ്പോഴാണ് മൈക്കിന് അടുത്തു നിന്നു സംസാരിക്കാൻ സി.പി.എമ്മിന്റെ സംസ്ഥാനതല ബുദ്ധിജീവിയോട് മൈക്ക് ഓപ്പറേറ്റർ നിർദ്ദേശിക്കുന്നത്. അണ്ഡകടാഹത്തിലെ മുഴുവൻ തത്വസംഹിതകളെയും തുണ്ടംതുണ്ടമായി മസ്തിഷ്കത്തിൽ ആവാഹിച്ച് , കോട്ടുവാ ഇട്ടിരിക്കുന്ന പാർട്ടി സഖാക്കളുടെ മനോമുകുരത്തിലേക്ക് സന്നിവേശിപ്പിക്കാൻ മാഷ് പെടാപ്പാട് പെടുമ്പോഴാണ് മൈക്ക് ഓപ്പറേറ്ററുടെ ഒരു ഉപദേശം. സർവ നിയന്ത്രണങ്ങളും വിട്ടുപോയപ്പോഴാണ് ഗോവിന്ദൻ മാഷ് ശബ്ദം തെല്ലൊന്നുയർത്തി ഓപ്പറേറ്ററോട് ചില കാര്യങ്ങൾ പറഞ്ഞത്. മൈക്ക് സെറ്റുകൾക്ക് മുന്നിൽ തനിക്ക് പതിറ്റാണ്ടുകൾ നീണ്ട അനുഭവ സമ്പത്തുണ്ട്. അഹൂജ ആംപ്ളിഫയറും കോളാമ്പി മൈക്കും തുടങ്ങി അറ്റ്മോസ് സൗണ്ട് സമ്പ്രദായത്തിൽ വരെ പ്രസംഗിച്ചിട്ടുള്ള തന്നെ , മൈക്കിന് മുന്നിലെ പെരുമാറ്റച്ചട്ടം പഠിപ്പിക്കാൻ വന്നാൽ അദ്ദേഹത്തിന് സഹിക്കുമോ. ഓപ്പറേറ്ററെ ഇഞ്ചയ്ക്കിട്ടില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

പക്ഷെ സമൂഹമാദ്ധ്യമങ്ങളിൽ അഴിഞ്ഞാടുന്ന ദോഷൈകദൃക്കുകൾക്ക് ഇതൊന്നും മനസിലാവില്ലല്ലോ. ഗോവിന്ദൻ മാഷ് എന്തോ മഹാപരാധം ചെയ്തെന്ന മട്ടിലാണ് അക്കൂട്ടർ ഓരോ കുന്നായ്മകൾ എഴുതി പിടിപ്പിച്ചത്. സക്കീർഹുസൈൻ തബലവായിക്കുമ്പോൾ മൈക്ക് ഇളകി വീഴുന്നതും അദ്ദേഹം ഒരു കൈ കൊണ്ട് മൈക്ക് താങ്ങിപ്പിടിച്ച് മറുകൈകൊണ്ട് തബല വായന തുടരുന്നതുമെല്ലാം വലിയ ഹത്തായ കാര്യമെന്ന നിലയിലാണ് സോഷ്യൽ മീഡിയയിൽ എഴുതിപിടിപ്പിച്ചത്. തബലപ്പുറത്ത് താളമിടും പോലെയല്ലല്ലോ കമ്മ്യൂണിസ്റ്ര് പ്രത്യയശാസ്ത്രവും ആഗോള സമ്പദ്ഘടനയുടെ വൈകല്യവും കേന്ദ്രത്തിന്റെ ഫ്യൂഡൽ സമീപനവുമൊക്കെ പാർട്ടി സഖാക്കൾക്ക് അനുഭവവേദ്യമാക്കി കൊടുക്കുന്നത്. അതിന്റെ വൈജ്ഞാനിക ബുദ്ധിമുട്ട് മനസിലായെങ്കിലേ ഗോവിന്ദൻ മാഷിന്റെ അദ്ധ്വാനത്തിന്റെ വില അറിയാനാവൂ. അടുത്ത ദിവസം ഗോവിന്ദൻ മാഷ് തന്നെ തന്റെ പ്രതികരണത്തെക്കുറിച്ച് വിശദമാക്കി. 'സംസാരിച്ചുകൊണ്ടിരിക്കെ ശബ്ദം കുറഞ്ഞപ്പോൾ മൈക്ക് ഓപ്പറേറ്റർ വന്ന് ശരിയാക്കി. അല്പം കഴിഞ്ഞ് രണ്ടാമതും മൈക്ക് ശരിയാക്കി. അടുപ്പിച്ച് വയ്ക്കാൻ ശ്രമിച്ചു. അതും സാധിക്കാതായതോടെ എന്നോട് മൈക്കിനടുത്തു നിന്ന് സംസാരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. അതിനാണ് മറുപടി പറഞ്ഞത്. അല്ലാതെ തട്ടിക്കയറിയിട്ടില്ല. തുടർന്ന് ശാസ്ത്രസാങ്കേതിക വിദ്യയെക്കുറിച്ച് പറയേണ്ടിവന്നു.' അതാണ് ഗോവിന്ദൻ മാഷ്. എന്തുകാര്യവും ആധികാരികമായിട്ട് പറഞ്ഞുമനസിലാക്കും. ശബ്ദതരംഗം കാന്തികതരംഗമായും അത് പിന്നീട് വൈദ്യുതി തരംഗമായും വീണ്ടും ശബ്ദതരംഗമായും പരിണമിക്കുന്നതിന്റെ ശാസ്ത്രവശങ്ങൾ മനസിലാക്കി കൊടുക്കേണ്ടത് ബുദ്ധിജീവിയായ മാഷിന്റെ കടമയല്ലേ. തോമസ് എഡിസന്റെ കണ്ടുപിടിത്തങ്ങളുടെ മഹത്വമറിയാതെ മൈക്ക് ഓപ്പറേറ്റ് ചെയ്യാൻ നടക്കുന്നതിനേക്കാൾ വലിയ പാതകം മറ്റെന്തുണ്ട്. ശബ്ദത്തിന്റെ തരംഗ പ്രവാഹത്തെക്കുറിച്ചുള്ള ബാലപാഠമില്ലാതെ സൗണ്ട് സിസ്റ്റം പ്രവർത്തിപ്പിക്കാൻ നടക്കുന്നതുപോലെ വലിയ അപരാധമെന്തുണ്ട്. സി.പി.എമ്മിന്റെ പൊതുപരിപാടികളിൽ മൈക്ക് സെറ്റ് പ്രവർത്തിപ്പിക്കാൻ വരുന്നവർക്ക് ഒരെഴുത്തു പരീക്ഷയും അഭിമുഖവും നിർബന്ധമാക്കുന്നതാണ് ഉചിതം. ചോദ്യപേപ്പറൊക്കെ ഗോവിന്ദൻ മാഷ് തയ്യാറാക്കിക്കൊള്ളും.

ഇതുകൂടി കേൾക്കണേ

കറുപ്പു കണ്ടാൽ കലിയിളകുന്ന നമ്മുടെ മുഖ്യൻ പിണറായി കഴിഞ്ഞ ദിവസം നാഗർകോവിലിൽ 'മേൽശീലൈ പോരാട്ടം'പരിപാടിയിൽ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനൊപ്പം പങ്കെടുത്തിരുന്നു. എം.കെ.സ്റ്റാലിന് കൊടുക്കുന്ന സുരക്ഷാ സംവിധാനം കണ്ടപ്പോൾ നമ്മുടെ മുഖ്യന്റെ തൊലി ചുളിഞ്ഞു. സമ്മേളന നഗരിയുടെ മുക്കിലും മൂലയിലും മെറ്റൽ ഡിറ്റക്ടർ അടക്കമുള്ള പരിശോധനാ സംവിധാനം, സമീപത്തെ കെട്ടിടങ്ങളുടെ മുകളിലെല്ലാം ശക്തികൂടിയ ബൈനോക്കുലറുകളുമായി പൊലീസ് ഉദ്യോഗസ്ഥർ, മുഖ്യമന്ത്രിക്കൊപ്പം കാറുകളുടെ വലിയ നിര. മുഖ്യമന്ത്രി പിണറായിയെ കുറ്രപ്പെടുത്തുന്നവർ അതുകൂടി കാണണം. ഏതായാലും ബൈനോക്കുലറുകളുമായി കെട്ടിടങ്ങൾക്ക് മുകളിൽ പൊലീസിനെ കയറ്റുന്ന സംവിധാനം അടിയന്തരമായി ഇവിടെ ഏർപ്പെടുത്തണം. അതിന്റെ ഒരു കുറവ് ഏതായാലും ഉണ്ട്.

Advertisement
Advertisement