സദാചാര ഗുണ്ടാസംഘത്തിന്റെ മർദ്ദനമേറ്റ ബസ് ഡ്രൈവർ മരിച്ചു

Wednesday 08 March 2023 12:18 AM IST

തൃശൂർ/ ചേർപ്പ് : വനിതാ സുഹൃത്തിന്റെ വീട്ടിൽ നിന്ന് ആറംഗ സദാചാര ഗുണ്ടാസംഘം പിടിച്ചിറക്കി ക്രൂരമായി മർദ്ദിച്ച ബസ് ഡ്രൈവർ മരിച്ചു. ചേർപ്പ് ചിറക്കൽ കോട്ടം മമ്മസ്രായില്ലത്ത് സഹറാണ് (33) ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെ മരിച്ചത്. കേസിലെ പ്രതികളായ ആറു പേരും ഒളിവിലാണ്.

തൃശൂർ - തൃപ്രയാർ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു സഹർ. ഫെബ്രു. 18ന് ചിറയ്ക്കൽ തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപം അർദ്ധരാത്രിയായിരുന്നു സംഭവം. പ്രവാസിയുടെ ഭാര്യയുടെ വീട്ടിലെത്തിയ സഹറിനെ വീട്ടിൽ നിന്ന് ബലമായി പിടിച്ചിറക്കി മർദ്ദിച്ചവശനാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അർദ്ധരാത്രി ഫോൺ വന്നതിനെ തുടർന്നാണ് സഹർ ഇവരുടെ വീട്ടിലെത്തിയതെന്ന് പറയുന്നു. സദാചാര ഗുണ്ടകൾ സഹറിനെ ചോദ്യം ചെയ്യാൻ എത്തുകയായിരുന്നുവെന്നും അതല്ല അവർ വീടിന് സമീപം ഒളിച്ചിരിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു .


ക്രൂരമായി മർദ്ദനമേറ്റ സഹർ വീട്ടിലെത്തി കിടന്നെങ്കിലും പുലർച്ചെ വേദന സഹിക്കാതെ നിലവിളിച്ചതോടെ മാതാവ് സുഹറ കരാഞ്ചിറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു. കടുത്ത മർദ്ദനത്തിൽ സഹറിന്റെ വൃക്കകൾ തകരാറിലാവുകയും വാരിയെല്ലിന് ക്ഷതമേൽക്കുകയും ചെയ്തത് കൂടാതെ കുടലുകളിൽ മുറിവേറ്റു. പാൻക്രിയാസിൽ പൊട്ടലും ശരീരമാസകലം മർദ്ദനമേറ്റതിന്റെ പരിക്കുമുണ്ടായിരുന്നു. നില ഗുരുതരമായതോടെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ചികിത്സ. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്റെ പിറ്റേദിവസം പൊലീസെത്തി മൊഴിയെടുത്തെങ്കിലും സദാചാരഗുണ്ടാ ആക്രമണമാണെന്ന് സഹർ വെളിപ്പെടുത്തിയിരുന്നില്ല.

ബസ് സമയത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഒരു സംഘം മർദ്ദിച്ചെന്നായിരുന്നു മൊഴി. എന്നാൽ, യുവാവിനെ ആറുപേർ ചേർന്ന് മർദ്ദിക്കുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു. രാത്രി 12 മുതൽ പുലർച്ചെ നാലു വരെ ആയുധങ്ങളടക്കം ഉപയോഗിച്ച് ആക്രമിച്ചതിന് വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ ആറുപ്രതികളും മുങ്ങി. ഒരാൾ വിദേശത്തേക്ക് കടന്നതായും സംശയമുണ്ട്. സഹറിനും വനിതാസുഹൃത്തിനും അറിയാവുന്നവരാണ് ആക്രമണം നടത്തിയവർ. പക്ഷേ, സഹറിന്റെ വീട്ടുകാരോ ബന്ധുക്കളോ പൊലീസിൽ പരാതി നൽകിയിരുന്നില്ല. ബസ് ജീവനക്കാരാണ് പ്രതികളെ പിടികൂടണമെന്ന ആവശ്യം ഉന്നയിച്ച് ആദ്യം രംഗത്തെത്തിയത്.

സഹറിന്റെ പിതാവ് ഷംസുദ്ദീൻ വൃക്ക തകരാറിലായതിനെ തുടർന്ന് വീട്ടിൽ ചികിത്സയിലാണ്. സഹർ അവിവാഹിതനാണ്. ഏക സഹോദരി സഹല. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് സംസ്‌കരിക്കും.

Advertisement
Advertisement