'ബോസ്' കാണണമെന്നു പറഞ്ഞു ഞാൻ കാണാൻ പോയി, തുറന്നടിച്ച് സി.ഒ.ടി നസീർ
കണ്ണൂർ: സി.പി.എമ്മിൽ നിന്ന് പുറത്തുപോവുകയും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്ത സി.ഒ.ടി നസീർ എന്ന യുവാവ് വോട്ടെടുപ്പിന് ശേഷം ക്രൂരമായി ആക്രമിക്കപ്പെട്ടു. മേയ് 18ന് നടന്ന ഈ ആക്രമണം സംബന്ധിച്ച വിവാദം സംസ്ഥാനത്ത് ചൂടുപിടിച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നിൽ തലശ്ശേരി എം.എൽ.എ എ.എൻ ഷംസീർ ആണെന്ന നസീറിന്റെ ആരോപണം പ്രതിപക്ഷം ഏറ്റെടുത്തു. എം.എൽ.എയെ ഉൾപ്പെടെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സമരരംഗത്താണ്. ഈ സന്ദർഭത്തിൽ നസീർ 'ഫ്ളാഷി'നോട് സംസാരിക്കുന്നു:
'ബോസ്' കാണണമെന്നു പറഞ്ഞു
തലശ്ശേരിക്കാരുടെ വികാരമായ സ്റ്റേഡിയം പുനർനിർമ്മാണവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ചോദ്യം ചെയ്യപ്പെട്ടതാണ് തന്നോട് എം.എൽ.എ എ.എൻ ഷംസീറിന് വിരോധമുണ്ടാകാൻ കാരണം. ആദ്യഘട്ടത്തിൽ ചെലവഴിച്ച നാല് കോടി എങ്ങും കാണാനില്ല. ഇത് ചോദ്യം ചെയ്തതാവാം എം.എൽ.എയെ ചൊടിപ്പിച്ചത്. ആക്രമണത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് എം.എൽ.എ ഓഫീസിനടുത്തുണ്ടായിരുന്ന തന്നെ എം.എൽ.എയുടെ പി.എ.വിളിച്ചു. 'ബോസ്' കാണണമെന്നു പറഞ്ഞു. ഞാൻ എം.എൽ.എയെ കാണാൻ പോയി. കണ്ട നിമിഷത്തിൽ തന്നെ കോപിതനാവുകയായിരുന്നു. 'നിനക്ക് കാണിച്ചു തരാം. അടിച്ച് കാലുമുറിക്കു'മെന്ന് ഭീഷണിപ്പെടുത്തി.
എം.എൽ.എയെ ഞാനൊരിക്കലും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. ബ്രിട്ടീഷ് ഭരണകാലത്ത് ഉത്തര കേരളത്തിന്റെ മാത്രമല്ല, കുടക് വരെയുള്ള പ്രദേശങ്ങളുടെ വാണിജ്യ വ്യാപാര സിരാകേന്ദ്രമായിരുന്നു തലശ്ശേരി. എന്നാലിന്ന് മറ്റെല്ലാ പ്രദേശങ്ങളും വികസനക്കുതിപ്പിലായിട്ടും തലശ്ശേരി ഉറങ്ങുകയാണ്. വികസന മുരടിപ്പിൽ ജനങ്ങൾക്ക് അമർഷമുണ്ട്. പൊതുവിമർശനം നടത്തിവന്നത് എം.എൽ.എയ്ക്ക് എങ്ങനെ എതിരാകും? എം.എൽ.എയോട് ചേർന്ന് നിൽക്കുന്നവരാണ് ആക്രമണത്തിന് പിറകിലുള്ളത്. ഓഫീസ് സെക്രട്ടറിയുടെ ഫോൺകോൾ പരിശോധിച്ചാൽ സംഭവത്തിന്റെ ചുരുളഴിയും. കായ്യത്ത് റോഡിൽവച്ച് ഇതിന് മുമ്പും അക്രമിക്കാൻ നീക്കങ്ങളുണ്ടായിരുന്നു. സാഹചര്യം ശരിയല്ലാത്തതിനാലാണ് രക്ഷപ്പെട്ടത്. ഇതൊക്കെ സി.സി ടി.വി. കാമറയിൽ വ്യക്തമാണ്.
നെറികേടുകളെ ചോദ്യം ചെയ്യും
എസ്.എഫ്.ഐയിലൂടെയാണ് ഞാൻ സംഘടനാ രംഗത്തെത്തിയത്. അക്കാലം തൊട്ടേ ഷംസീറുമായി നല്ല ബന്ധത്തിലായിരുന്നു. ഷംസീറിന്റെ വീടുമായും ആത്മബന്ധം പുലർത്തിയിരുന്നു. 22 വർഷക്കാലം പാർട്ടിയിൽ ആത്മാർത്ഥമായി പ്രവർത്തിച്ചു. ലോക്കൽ കമ്മിറ്റി അംഗവും നഗരസഭാ കൗൺസിലറുമായിരുന്ന തനിക്ക് വിപുലമായ സൗഹൃദങ്ങളുണ്ട്. പാർട്ടി അംഗത്വ ഫോമിൽ മതം ചോദിക്കുന്നത് ചോദ്യം ചെയ്തതോടെയാണ് അനഭിമതനായത്. മനുഷ്യനായി ജീവിക്കാനാണ് കമ്യൂണിസ്റ്റുകാർ ശ്രമിക്കേണ്ടത്. മൂന്ന് വർഷമായി പാർട്ടിയിൽ നിന്ന് അകന്ന് നിൽക്കുന്ന ഞാൻ സജീവമായി പൊതുരംഗത്തുണ്ട്. സമൂഹത്തിലെ നെറികേടുകളെ ചോദ്യംചെയ്യാൻ മടിക്കാറില്ല. കമ്യൂണിസ്റ്റ് ബോധം തന്നെയാണ് അതിനെന്നെ പ്രാപ്തനാക്കുന്നതും.
മൊഴിയെടുത്തത് മൂന്ന് തവണ
ആക്രമിക്കപ്പെട്ടതിന് ശേഷം മൂന്ന് തവണ പൊലീസ് മൊഴിയെടുത്തിരുന്നു. ശസ്ത്രക്രിയയ്ക്ക് കൊണ്ടുപോകും മുമ്പ് പൊലീസ് തന്നെ തയ്യാറാക്കിയ പരാതിയിൽ ഒപ്പിട്ട് നൽകുകയായിരുന്നു. രണ്ടാം തവണയും മൊഴിയെടുത്തു. കേസ് സംബന്ധിച്ച എല്ലാ വിവരങ്ങളും കൃത്യമായി നൽകിയിരുന്നു. എന്തുകൊണ്ട് എം.എൽ.എയെ സംശയിക്കുന്നുവെന്നും പറഞ്ഞിരുന്നു. മൂന്നാം തവണ, എന്തിനാണ് യൂണിഫോമിട്ട പൊലീസുദ്യോഗസ്ഥൻ മൊഴിയെടുത്തതെന്ന് ചോദിച്ചപ്പോൾ അത് അനൗദ്യോഗികമാണെന്നായിരുന്നു മറുപടി.
ഏതറ്റം വരെയും പോകും
സി.പി.എം നിയോഗിച്ച കമ്മിഷന്റെ കണ്ടെത്തലുകൾ അവരുടെ ആഭ്യന്തര കാര്യം മാത്രമാണ്. സത്യം പുറത്ത് കൊണ്ടുവരാൻ ഏതറ്റം വരെയും പോകും. സി.സി ടി.വി.ദൃശ്യങ്ങളിൽ തന്നെ സംഭവം വ്യക്തമായിട്ടും പ്രതികളെ പൂർണ്ണമായി പിടികൂടാൻ ഇനിയും സാധിച്ചിട്ടില്ല. കേസന്വേഷണം നേരാംവഴിയിൽ പോകുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നഗരത്തിൽ വ്യാപകമായ പോസ്റ്ററും ഭീഷണിയും എ.എസ്.പിക്ക് സ്ഥലമാറ്റവുമാണ്. പൊലീസിനെതിരെ പോസ്റ്ററുകൾ പതിച്ചവർക്കും സംഭവത്തിൽ പങ്കുണ്ടെന്ന് പറയേണ്ടി വരും. ഇപ്പോൾ ബാഹ്യസമ്മർദ്ദ ഫലമായി കേസ് അന്വേഷണം ഉഴലുകയാണ്. ആരോപണങ്ങൾ കൊണ്ടോ, ആക്രമണങ്ങൾ കൊണ്ടോ തന്നെ തളർത്താനാവില്ല.
അത് സി.പി.എമ്മിന്റെ തന്ത്രം
ഞാൻ കോൺഗ്രസിലേക്ക് പോവുകയാണെന്ന് ചിലർ ബോധപൂർവം പ്രചാരണം നടത്തുകയാണ്. ഇത് സി.പി.എമ്മിന്റെ തന്ത്രമാണ്. തന്റെ ആലോചനയിൽ പോലും ഇത്തരമൊരു ചിന്ത കടന്നുവന്നിട്ടില്ല. തന്നോടനുഭാവമുള്ള പാർട്ടി സുഹൃത്തുക്കളെ അകറ്റാനുള്ള തന്ത്രമാണിത്. ഏത് ഭീഷണിയുണ്ടായാലും പൊതു പ്രവർത്തനം നിറുത്താൻ കഴിയില്ല. നിലവിലുള്ള തന്റെ സ്വതന്ത്ര സംഘടനയുമായി ജീവകാരുണ്യ, സാമൂഹ്യക്ഷേമ, വികസന പരിപാടികളുമായി മുന്നോട്ട് പോകും. കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ ആക്രമണങ്ങൾക്ക് പിന്നിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോ വ്യക്തികളോ മാത്രമല്ല ഉള്ളത്. എല്ലാവർക്കും പങ്കുണ്ട്. ഏറ്റക്കുറച്ചിലുകൾ കാണാനാവുമെന്ന് മാത്രം.