ഉപഗ്രഹത്തെ തിരിച്ചിറക്കി ഇന്ത്യ

Wednesday 08 March 2023 4:27 AM IST

#പതിച്ചത് ശാന്തസമുദ്രത്തിൽ

തിരുവനന്തപുരം:കാലാവസ്ഥാനിരീക്ഷണത്തിനയച്ച മേഘാ ട്രോപിക്സ് ഉപഗ്രഹത്തെ വിജയകരമായി തിരിച്ചിറക്കി ഐ.എസ്.ആർ.ഒ. തെക്കേ അമേരിക്കയിലെ പെറുവിന് 3800കിലോമീറ്റർ അകലെയുള്ള ശാന്തസമുദ്രത്തിലെ ഭാഗത്താണ് ഇന്നലെ വൈകിട്ട് 6.22ഒാടെ സുരക്ഷിതമായി ഉപഗ്രഹം ഇറക്കിയത്. ഉപഗ്രഹത്തിന് 1000കിലോഗ്രാം ഭാരമുണ്ടായിരുന്നു.ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ.ടെലിമെട്രി ട്രാക്കിംഗ് കമാൻഡ് നെറ്റ് വർക്ക് കേന്ദ്രമാണ് ദൗത്യം നിർവഹിച്ചത്.

മറ്റു പല രാജ്യങ്ങളും ഉപഗ്രഹങ്ങൾ തിരിച്ചിറക്കിയിട്ടുണ്ടെങ്കിലും പലതും ആ രീതിയിൽ രൂപകൽപന ചെയ്തവയാണ്. മേഘാ ട്രോപിക്സ്–1 അങ്ങനെയല്ലെന്നതാണ് ഇപ്പോഴത്തെ വിജയത്തിന്റെ പ്രധാന്യം. ഇന്ത്യ തിരിച്ചെത്തിക്കുന്ന 24-മത്തെ ഉപഗ്രഹമാണ് മേഘ.

ഫ്രാൻസിന്റെ ബഹിരാകാശ സ്ഥാപനമായ സി.എൻ.ഇ.എസുമായി ചേർന്ന് 2011 ഒക്ടോബർ 12 നാണ് മെഘാ ട്രോപിക്സ് ഉപഗ്രഹം വിക്ഷേപിച്ചത്. 2021ൽ കാലാവധി പൂർത്തിയായി.

ഉപഗ്രഹത്തിൽ ശേഷിച്ചിരുന്ന 125കിലോഗ്രാം ഇന്ധനം കഴിഞ്ഞ വർഷം ആഗസ്റ്റ് മുതൽ ഇരുപത് തവണ എരിച്ച് ഉപഗ്രഹത്തെ 825കിലോമീറ്റർ ഉയരത്തിൽ നിന്ന് താഴ്ത്തി ഭൂമിക്ക് മുകളിൽ 80കിലോമീറ്റർ മുകളിലെത്തിച്ചു.

ഭൂമിയുടെ തൊട്ടുമുകളിലുള്ള ഇന്റർനാഷണൽ സ്പെയ്സ് സ്റ്റേഷനേയും ചെെനീസ് ബഹിരാകാശനിലയത്തേയും തട്ടാതെ താഴെ എത്തിക്കുകയായിരുന്നു വെല്ലുവിളി.അത് വിജയകരമായി നിർവ്വഹിച്ചു.

ബഹിരാകാശ മാലിന്യം വലിയ പ്രതിസന്ധിയാകുന്ന സാഹചര്യത്തിലാണ് ഉപഗ്രഹങ്ങൾ തിരിച്ചിറക്കുന്നത്. ബഹിരാകാശ് കൂട്ടിയിടിയുണ്ടാക്കാനും ഭാരമേറിയ ഉപഗ്രഹങ്ങൾ നിയന്ത്രണം തെറ്റി ഭൂമിയിലേക്ക് തിരിച്ചെത്തി പതിച്ച് വൻ ദുരന്തമുണ്ടാകാനും സാധ്യതയുണ്ട്. മേഘ ഉപഗ്രഹം തിരിച്ചെത്തിച്ചില്ലെങ്കിൽ 100 വർഷമെങ്കിലും അത് ഇപ്പോഴത്തെ ഭ്രമണപഥത്തിൽ തുടരും.

#കാൽലക്ഷം മാലിന്യങ്ങൾ

ബഹിരാകാശ് മനുഷ്യനിർമ്മിതമായ 25000ത്തോളം മാലിന്യവസ്തുക്കളുണ്ടെന്നാണ് കണക്ക്. ഇതുവരെ വിവിധ രാജ്യങ്ങൾ 3000ത്തോളം ഉപഗ്രഹങ്ങൾ അയച്ചിട്ടുണ്ട്. ഇന്ത്യ ഇതുവരെ 65ഉപഗ്രഹങ്ങളാണ് അയച്ചിട്ടുള്ളത്. അതിൽ 49എണ്ണം നിലവിൽ സജീവമാണ്. 23എണ്ണം സുരക്ഷിതമായി തിരിച്ചിറക്കി. എന്നാൽ ഉപഗ്രഹങ്ങളെ അയക്കാൻ ഉപയോഗിച്ച റോക്കറ്റിന്റെ അവസാനഭാഗം ബഹിരാകാശത്ത് മാലിന്യമായി കിടക്കുന്നുണ്ട്. അത് 386എണ്ണം വരും.