മതസൗഹാർദ്ദ മാതൃകയായി അമിത് ഖാൻ

Wednesday 08 March 2023 3:45 AM IST

തിരുവനന്തപുരം: ജനറൽ ആശുപത്രി ജംഗ്ഷനിൽ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിലൊരുക്കിയ പൊങ്കാലയർപ്പിച്ച അമിത് ഖാൻ

ആറ്റുകാൽ പൊങ്കാലയുടെ മതേതര പ്രതീകമായി. പൊങ്കാലക്കലത്തിൽ അരിയിട്ട അമിത് ഖാൻ ഭക്തർക്ക് വെള്ളവും ആവശ്യസാധനങ്ങളുമെത്തിക്കാൻ പ്രവർത്തകരോടൊപ്പം പങ്കെടുത്തു. പൊങ്കാല നേദിക്കാൻ ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റിലെ പൂജാരിയുടെ സഹായിയായും ഒപ്പമുണ്ടായിരുന്നു.

പൊങ്കാല പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ.പി.ബിനുവിന്റെ നേതൃത്വത്തിലാണ് അമിത് ഖാനെയും ഉൾപ്പെടുത്തിയത്. പൊങ്കാലയിടുന്ന അമൃത് ഖാന്റെ ഫോട്ടോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ജനറൽ ആശുപത്രി സ്വദേശിയാണ്. ജനറൽ ആശുപത്രി പരിസരത്തെ സി.ഐ.ടി.യുവിന്റെ മുൻകാല പ്രവർത്തകനായിരുന്ന മുത്തച്ഛൻ സൈദ് അമീറിന്റെ വഴിയേ സഞ്ചരിക്കാൻ താത്പര്യമുള്ളതിനാലാണ് ജാതിയോ മതമോ നോക്കാതെ ഈ പ്രവർത്തനങ്ങൾ ചെയ്യുന്നതെന്നാണ് അമിത് പറയുന്നത്. ബി.എസ്.സി ഹോട്ടൽ മാനേജ്മെന്റ് പാസായ അമിത്​ ഫുഡ് ഡെലിവറി ബോയിയായി ജോലി നോക്കുകയാണ്.

സാധിച്ചാൽ അടുത്തവർഷവും പൊങ്കാലയിടും. മതവും ജാതിയുമല്ല സൗഹാർദ്ദവും കൂട്ടായ്‌മയുമാണ് വലുതെന്ന പാഠം മറ്റുള്ളവരെയും ബോധവത്ക്കരിക്കുകയെന്ന ലക്ഷ്യവും ഇതിലുണ്ടായിരുന്നു. മതവിശ്വാസിയാണ്, പക്ഷേ എല്ലാ മതങ്ങളും മനുഷ്യരും ഒന്നാണെന്ന് വിശ്വസിക്കാനാണ് താത്പര്യമെന്നും അമിത് പറഞ്ഞു.