പൊങ്കാലയിട്ട് പ്രശസ്തരും നടിമാരും

Wednesday 08 March 2023 3:50 AM IST

തിരുവനന്തപുരം: കൊവിഡിനെ തുടർന്നുള്ള രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം ആറ്റുകാലമ്മയുടെ സന്നിധിയിൽ പൊങ്കാലയിടാൻ പ്രശസ്തരും നടിമാരുമെത്തി. കേരള സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ മ‌ഞ്ജു പ്രസന്നൻ പിള്ള,​ ഉമാ തോമസ് എം.എൽ.എ എന്നിവർ​ എം.എൽ.എ ഹോസ്റ്റലിന് മുന്നിൽ പൊങ്കാലയിട്ടു. നടിമാരായ ജലജ, മകൾ ദേവി, ചിപ്പി, സ്വാസിക, സീമാ ജി.നായർ, സഹോദരിയും ഗായികയുമായ രേണുക, സിന്ധു മനുവർമ, സൗപർണിക, അഞ്ജിത, ഗായിക രാജലക്ഷ്മി എന്നിവർ ക്ഷേത്രപരിസരത്ത് പൊങ്കാലയിട്ടു. നടി മഞ്ജുപിള്ള, ആനി, സംഗീതജ്ഞൻ രാജാമണിയുടെ ഭാര്യ ബീന, നടൻ സുരേഷ് ഗോപിയുടെ ഭാര്യ രാധിക, രമേശ് ചെന്നിത്തല എം.എൽ.എ.യുടെ ഭാര്യ അനിത, ഔഷധി ചെയർപേഴ്സൺ ശോഭനാ ജോർജ്, കോൺഗ്രസ് നേതാവ് വി.എസ്.ശിവകുമാറിന്റെ ഭാര്യ സിന്ധു, മകൾ ഗൗരി, ഗായിക അഖില ആനന്ദ് എന്നിവർ വീടുകളിലാണ് പൊങ്കാലയിട്ടത്. കെ.പി.മോഹനൻ എം.എൽ.എയുടെ ഭാര്യ ഹേമജയും എം.എൽ.എ ഹോസ്റ്റലിന് മുന്നിൽ പൊങ്കാലയിട്ടു. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി നിശാന്തിനി വഴുതക്കാട് പൊങ്കാലയിട്ടു. ഭർത്താവും തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുമായ എം.ജി.രാജമാണിക്യവും ഒപ്പമുണ്ടായിരുന്നു. ആറ്റുകാലമ്മയുടെ അനുഗ്രഹമാണ് തന്നെ പൊങ്കാലയ്ക്കായി ഇവിടെ എത്തിക്കുന്നതെന്ന് ചിപ്പി പറഞ്ഞു. രണ്ട് വർഷത്തിന് ശേഷം ദേവിയുടെ നടയിൽ വീണ്ടും പൊങ്കാല അർപ്പിക്കാനായതിൽ സന്തോഷമുണ്ടെന്ന് ജലജ പറഞ്ഞു.