ക്ഷേത്രങ്ങളിലും പൊങ്കാല സമർപ്പണം

Wednesday 08 March 2023 2:53 PM IST

തിരുവനന്തപുരം: ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ഭക്തർ പൊങ്കാലയിട്ടതോടെ നഗരത്തിന് പുറത്തേയ്ക്ക് പ്രാദേശിക ഉത്സവമായി ആറ്റുകാൽ പൊങ്കാല മാറി. കോവളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ഏണിക്കര ശിവക്ഷേത്രം, കഴക്കൂട്ടം ആറ്റിൻകുഴി ദേവി നടക്കളം തുടങ്ങിയ നഗരാതിർത്തിയിലെ ക്ഷേത്രങ്ങളിൽ നിരവധി ഭക്തരാണ് പൊങ്കാലയിടാനെത്തിയത്.

രാവിലെ മുതൽ ക്ഷേത്രങ്ങളിലേക്ക് എത്തിയ ഭക്തർക്ക് അന്നദാനവും ദാഹജലവിതരണവും ഉൾപ്പെടെ തയ്യാറാക്കിയിരുന്നു. ക്ഷേത്രങ്ങളിലെ പൊങ്കാല അതത് ക്ഷേത്രങ്ങളിലെ മേൽശാന്തിമാർ നിവേദിച്ചു. യാത്രചെയ്യാൻ ശാരീരിക ബുദ്ധിമുട്ടുള്ളവരും കൈക്കുഞ്ഞുള്ള അമ്മമാരും ഉൾപ്പെടെ നിരവധി പേരാണ് വീടുകളിലും സമീപത്തെ ക്ഷേത്രങ്ങളും പൊങ്കാലയിട്ടത്.