ജോലി നൽകി ഭൂമി സ്വന്തമാക്കിയെന്ന കേസ്: ലാലുവിനെ സി ബി ഐ ചോദ്യം ചെയ്‌തു

Wednesday 08 March 2023 12:27 AM IST

ന്യൂഡൽഹി: റെയിൽവേയിൽ ജോലി നൽകി ഭൂമി സ്വന്തമാക്കിയെന്ന കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ലാലു പ്രസാദിനെ സി.ബി.ഐ ചോദ്യം ചെയ്‌തു. മകളും രാജ്യസഭാ എം.പിയുമായ മിസാഭാരതിയുടെ ഡൽഹിയിലെ വസതിയിൽ രണ്ടു കാറുകളിലെത്തിയ സി.ബി.ഐ സംഘം ചോദ്യം ചെയ്തത്. നടപടിക്കെതിരെ ലാലുവിന്റെ മറ്റൊരു മകൾ രോഹിണി ആചാര്യ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.

കഴിഞ്ഞ ഡിസംബറിൽ വൃക്കമാറ്റൽ ശസ്‌‌ത്രക്രിയയ്‌ക്കു ശേഷം വിശ്രമത്തിലുള്ള പിതാവിനെ തുടർച്ചയായി ദ്രോഹിക്കുകയാണെന്നും എന്തെങ്കിലും സംഭവിച്ചാൽ ആരെയും വെറുതെ വിടില്ലെന്നും രോഹിണി പ്രതികരിച്ചു. 'ഇപ്പോൾ നടക്കുന്നതൊന്നും മറക്കില്ല. സഹിഷ്ണുതയുടെ പരിമിതികൾ പരീക്ഷിക്കപ്പെടുന്നു. എഴുപതുകാരനായ പിതാവിന് ഇപ്പോഴും ഡൽഹിയിലെ അധികാരക്കസേര ഇളക്കാൻ കഴിവുണ്ട്" - രോഹിണി ട്വീറ്റ് ചെയ്‌തു. രോഹിണിയാണ് ലാലുവിന് വൃക്ക ദാനം ചെയ്‌തത്. ചോദ്യം ചെയ്യൽ വേളയിൽ മാസ്‌ക് ധരിക്കാനും നിശ്‌ചിത അകലം പാലിക്കാനും സി.ബി.ഐയ്‌ക്ക് നിർദ്ദേശമുണ്ടായിരുന്നു.

 ജോലി കിട്ടിയവരും പ്രതികൾ

കേസിൽ ലാലു പ്രസാദ് യാദവിന്റെ ഭാര്യയും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവിയെ തിങ്കളാഴ്‌ച പാട്നയിലെ വസതിൽ സി.ബി.ഐ ചോദ്യം ചെയ്‌തിരുന്നു. മക്കളായ മിസ, ഹേമ എന്നിവരും ഭൂമിക്ക് പകരമായി ജോലി ലഭിച്ച 12 പേരും കേസിൽ പ്രതികളാണ്. 2004 മുതൽ 2009 വരെ കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ ജോലി നൽകിയതിന് പകരമായി കുറഞ്ഞ വിലയ്‌ക്ക് ലാലുവും കുടുംബാംഗങ്ങളും ഭൂമി തട്ടിയെടുത്തെന്നാണ് ആരോപണം. 2022 മേയിലാണ് സി.ബി.ഐ കേസെടുത്തത്.

15 ന് കേസ് ഡൽഹി കോടതി പരിഗണിക്കും.