ബി എസ് എൻ എൽ തട്ടിപ്പ് ; നിക്ഷേപരേഖകൾ കസ്റ്റഡിയിലെടുത്തു പ്രസിഡന്റിനും ക്ളാർക്കിനുമെതിരെ ലുക്ക് ഔട്ട്
തിരുവനന്തപുരം: ബി.എസ്.എൻ.എൽ എൻജിനിയേഴ്സ് സഹകരണ സംഘം തട്ടിപ്പ് കേസിൽ പണം വകമാറ്റിയതായി സംശയിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ക്രൈംബ്രാഞ്ച് പരിശോധന. തട്ടിപ്പ് കേസിലെ പ്രധാന പ്രതിയായ സംഘം പ്രസിഡന്റ് എ.ആർ. ഗോപിനാഥിന്റെ ഉറ്റ സുഹൃത്തും ബി.എസ്.എൻ.എൽ ജീവനക്കാരനുമായ മണികണ്ഠന്റെയും ഭാര്യയുടെയും പേരിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട ചില രേഖകൾ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു.
തട്ടിപ്പിന് ശേഷം ഒളിവിൽ കഴിയുന്ന ഗോപിനാഥിനെ കണ്ടെത്താൻ അന്വേഷണസംഘം ബി.എസ്.എൻ.എൽ ജീവനക്കാരനായ മണികണ്ഠന്റെ വീട്ടിലുൾപ്പെടെ പരിശോധന നടത്തിയിരുന്നു. സൊസൈറ്റിയിൽ നിന്ന് വകമാറ്റിയ പണം സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപിച്ചതായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. സ്ഥാപനത്തിൽ നിന്ന് പണമിടപാടിന്റെ രേഖകൾ കസ്റ്റഡിയിലെടുത്തിരുന്നു. അതേസമയം അന്വേഷണത്തിന്റെ ഭാഗമായി സംഘം പ്രസിഡന്റുൾപ്പെടെ രണ്ട് പ്രതികൾക്കെതിരെ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. പ്രസിഡന്റ് എ.ആർ ഗോപിനാഥ്(73), ക്ളാർക്ക് എ.ആർ രാജീവ് (42) എന്നിവർക്കെതിരെയാണ് ക്രൈംബ്രാഞ്ച് എസ്.പി ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധപ്പെടുത്തിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട് സംഘം സെക്രട്ടറിയും ബി.എസ്.എൻ.എൽ മുൻ പോസ്റ്റൽ ഡിവിഷണൽ എൻജിനിയറുമായ വെള്ളായണി ഊക്കോട് വിവേകാനന്ദ നഗറിൽ ഗുരുപ്രഭയിൽ കെ.വി. പ്രദീപിന്റെ ജാമ്യാപേക്ഷ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ആറ്റുകാൽ പൊങ്കാല തിരക്കിലായതിനാൽ തടസപ്പെട്ടിരുന്ന അന്വേഷണം ഉടൻ പുനരാരംഭിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.