അശാസ്ത്രീയമായി കുന്നിടിച്ചുനിരത്തി കെട്ടിട നിർമ്മാണം: ഒരു തൊഴിലാളിയുടെ ജീവൻ കവർന്നു

Wednesday 08 March 2023 1:40 AM IST

ഇരിട്ടി: ഇരിട്ടി തന്തോട് നിഖിൽ ആശുപത്രിക്ക് സമീപം സ്വകാര്യ വ്യക്തി വലിയകുന്ന് ഇടിച്ച് കെട്ടിടം നിർമ്മിക്കുന്നത് ഒരു തൊഴിലാളിയുടെ ജീവനെടുത്തു. കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ് വീഴുന്ന സമയത്ത് ഓടി രക്ഷപ്പെടുന്നതിനിടെ വീണ് ഗുരുതരമായി പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പശ്ചിമബംഗാൾ സ്വദേശി ചിരഞ്ചിത്ത് (30 ) ഇന്നലെ മരണത്തിന് കീഴടങ്ങി. ഇതിന് മുമ്പും നിരവധി തവണ ഇവിടെ മണ്ണിടിഞ്ഞ് വീണ് അപകടം ഉണ്ടായിരുന്നു.

ഒരു ഭാഗത്ത് തൊഴിലാളികൾ നിർമ്മാണ ജോലി ചെയ്യുമ്പോൾ മറുഭാഗത്ത് മണ്ണിടിഞ്ഞ് വീഴുകയാണ് ചെയ്യുന്നത്. ജെ.സി.ബി ഉപയോഗിച്ച് വലിയ കുന്ന് ഇടിച്ച് നിരത്തുന്ന സമയത്ത് ജെ.സി.ബി ഓപ്പറേറ്ററുടെ മുകളിൽ മണ്ണിടിഞ്ഞ് വീണ് മണ്ണിനടിയിൽപ്പെട്ടിരുന്നു. അന്ന് ഓടിക്കൂടിയ നാട്ടുകാരാണ് തൊഴിലാളിയെ രക്ഷപ്പെടുത്തിയത്. ആശാസ്ത്രീയമായ ഈ കെട്ടിട നിർമ്മാണത്തിന്റെ പിറകിൽ വലിയ അഴിമതി കഥയുണ്ടെന്ന ആക്ഷേപം നേരത്തേയുണ്ട്.

അശാസ്ത്രീയമായ നിർമ്മാണ പ്രവൃത്തി നിയന്ത്രിക്കേണ്ട അധികൃതരും രാഷ്ട്രീയ നേതൃത്വവും കണ്ണടയ്ക്കുകയാണെന്നാണ് പരാതി. നിരവധി അപകടങ്ങൾ ഉണ്ടായിട്ടും അന്യസംസ്ഥാന തൊഴിലാളിയുടെ ജീവൻ കവർന്നിട്ടും അശാസ്ത്രീയമായ ഈ നിർമ്മാണ പ്രവൃത്തി തടയുവാൻ ആരുമില്ലേയെന്നാണ് നാട്ടുകാരുടെ ചോദ്യം.