പണപ്പെട്ടിയുമായി ആനവണ്ടി, അടിച്ചുപൊളിക്കും വേനലവധി!

Tuesday 07 March 2023 11:51 PM IST

വേനലവധി ലക്ഷ്യമിട്ട് പുതിയ ടൂറിസം ട്രിപ്പുകൾ

ആലപ്പുഴ: കാണാനാഗ്രഹിക്കുന്ന കാഴ്ചകളി​ലേക്ക് വേനലവധിക്കാലത്ത് യാത്രക്കാരെ കൂട്ടിക്കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണ് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ. വി​ജയകരമായി​ മുന്നേറുന്ന ടൂറി​സം പദ്ധതിയുടെ തുടർച്ചയായി​ട്ടാണ് വേനലവധി ലക്ഷ്യമിട്ട് പുതിയ ട്രിപ്പുകൾ അണിയറയിൽ ഒരുങ്ങുന്നത്. ഇതുവരെ ജില്ലയിൽ ഒരു കോടിയാണ് ബഡ്ജറ്റ് ടൂറിസത്തിലൂടെ ആനവണ്ടി വാരിക്കൂട്ടിയത്.

വിനോദയാത്ര പാക്കേജിന് മാത്രമായി നൂറോളം പുതിയ സൂപ്പർ ഫാസ്റ്റ് ബസുകൾ നിരത്തിലിറക്കും. രണ്ട് മാസത്തെ അവധിക്കി​ടെ വിവിധ ഡിപ്പോകളിൽ നിന്ന് 1500 ട്രിപ്പുകളെങ്കിലും നടക്കുമെന്നാണ് പ്രതീക്ഷ. ആറ് കോടിയുടെ വരുമാനവും പ്രതീക്ഷിക്കുന്നു. കൊവിഡി​നു ശേഷം ആരംഭിച്ച ബഡ്ജറ്റ് ടൂറിസം ട്രിപ്പുകൾ വഴി മികച്ച വരുമാനമാണ് കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സാമ്പത്തിക ഞെരുക്കം കണക്കിലെടുത്ത് യാത്രകൾ ഒഴിവാക്കിയിരുന്നവർ പോലും മിതമായ നിരക്കിൽ സുരക്ഷിതയാത്ര ഉറപ്പാക്കി പാക്കേജിനൊപ്പം കൂടി.

സാധാരണ ട്രിപ്പുകളിൽ നിന്ന് വ്യത്യസ്തമായി ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ ജീവനക്കാർ യാത്രക്കാരുമൊന്നിച്ച് ആടിയും പാടിയും യാത്ര തുടരുന്നത് ട്രിപ്പുകളെ കൂടുതൽ ജനകീയമാക്കി. പാക്കേജിന്റെ ഭാഗമായി ബോട്ട് യാത്രകളിലും ഭക്ഷണം വിളമ്പുന്നതിലുമടക്കം യാത്രക്കാർക്ക് എല്ലാ സൗകര്യങ്ങളുമൊരുക്കി ജീവനക്കാർ സദാസമയം ഒപ്പമുണ്ടാകും.

വരുമാനം

2021 നവംബർ അവസാനം മുതൽ 2023 ഫെബ്രുവരി വരെ

ആലപ്പുഴ: 1 കോടി

ബഡ്ജറ്റ് ടൂറിസം (എല്ലാ ജില്ലകളും ഉൾപ്പെടെ): 16 കോടി

ട്രിപ്പുകൾ: 4500

യാത്രക്കാരുടെ എണ്ണം: 3 ലക്ഷത്തിന് മുകളിൽ

യാത്രികരെ സഹായിക്കുക എന്നതാണ് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ പ്രധാന ലക്ഷ്യം. ജീവനക്കാർക്ക് അവർ അർഹിക്കുന്ന പിന്തുണയും ലഭിക്കുന്നു. ആലപ്പുഴ ജില്ലയുടെ കളക്ഷൻ 1 കോടി എന്ന മാന്ത്രിക സംഖ്യയിലേക്ക് എത്തുമ്പോൾ യാത്രക്കാരോടാണ് ഏറ്റവും നന്ദി പറയാനുള്ളത്

ബഡ്ജറ്റ് ടൂറിസം സെൽ അധികൃതർ