കുടിവെള്ളം മുടങ്ങിയിട്ട് നാളേറെ... പൂത്താലത്തിൽ പരാതി നൽകി​ പഞ്ചായത്തംഗം

Wednesday 08 March 2023 12:51 AM IST

ആലപ്പുഴ: കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ വാട്ടർ അതോറിട്ടി അധികൃതർക്ക് പൂത്താലത്തിൽ പരാതികൾ കൈമാറി പഞ്ചായത്ത് അംഗത്തിന്റെ പ്രതിഷേധം. മാരാരിക്കുളം തെക്ക് പഞ്ചായത്ത് എട്ടാം വാർഡിലെ സി.പി.ഐ അംഗം ടി.പി.ഷാജിയാണ് പരാതി നൽകിയത്. പരാതികളുടെ പകർപ്പ് വാട്ടർ അതോറിട്ടി ഓഫീസിന് മുന്നിൽ തോരണമായി കെട്ടുകയും ചെയ്തു.

മാരാരിക്കുളം തെക്ക് പഞ്ചായത്ത് എട്ടാം വാർഡിലും തീരപ്രദേശങ്ങളിലും ഉൾപ്പെടെ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനെതിരെയാണ് ഷാജി പ്രതിഷേധിച്ചത്. തനിക്ക് ലഭിച്ച പരാതികളാണ് പൂത്താലത്തിലാക്കി അധികൃതർക്ക് കൈമാറിയതെന്ന് ഷാജി പറഞ്ഞു. ഗുണഭോക്താക്കളുടെ കൈയൊപ്പോടെയുള്ള പരാതിയും ലഭിച്ച ബില്ലുകളും ചേർത്താണ്, പഴങ്ങളും പൂക്കളുമടങ്ങിയ താലത്തിൽ എക്‌സിക്യുട്ടീവ് എൻജിനീയർക്ക് കൈമാറിയത്.

ദേശീയപാത വികസന ജോലികൾ നടക്കുന്നതിനാൽ കൊമ്മാടി വരെയുള്ള ഭാഗത്ത് പൈപ്പുകൾ പൊട്ടിയതാണ് കുടിവെള്ള വിതരണം മുടങ്ങാൻ കാരണമെന്ന് വാട്ടർ അതോറിട്ടി അസി. എൻജിനീയർ ബെൻ ബ്രൈറ്റ് പ്രതികരിച്ചു. കരാറുകാരനാണ് പൈപ്പുകൾ മാറ്റേണ്ടത്. പുതിയ പൈപ്പുകൾ ഇവിടെ എത്തിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണി ഉടൻ തുടങ്ങും. മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ വാട്ടർ ടാങ്ക് ഉടൻ സജ്ജമാകുമെന്നും എ.ഇ പറഞ്ഞു.

ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള ശുദ്ധജല വിതരണം നടക്കുന്ന മേഖലയാണ് മാരാരിക്കുളം തെക്ക് പഞ്ചായത്ത്. പൈപ്പ് പൊട്ടിയതോടെ കുടിവെള്ള വിതരണം താറുമാറായി. പരാതിത്തോരണം കാണാനും വായിക്കാനും നിരവധി പേർ ഓഫീസ് വളപ്പിൽ എത്തിയിരുന്നു. ഷാജി ഓഫീസ് വളപ്പിൽ നിന്നു പോയതിന് പിന്നാലെ തോരണം അധികൃതരുടെ നിർദേശപ്രകാരം അഴിച്ചു മാറ്റി.

കുടിവള്ളക്ഷാമം രൂക്ഷമായിട്ടും അധികൃതർ പ്രശ്നപരിഹാരത്തിന് ശ്രമിക്കാത്തതിനെ തുടർന്നാണ് പ്രതിഷേധിച്ചത്

ടി.പി.ഷാജി

ദേശീയപാത വികസനത്തിന്റെ ഭാഗമായി പൈപ്പുകൾ പൊട്ടിയത് മൂലമാണ് ജല വിതരണം മുടങ്ങുന്നത്. ദേശീയപാത അതോറിട്ടിയാണ് പ്രശ്നം പരിഹരിക്കേണ്ടത്. പരിഹാരം നടപടികൾ അടുത്തദിവസം തന്നെ ആരംഭിക്കും

ബെൻ ബ്രൈറ്റ്, എക്സിക്യുട്ടിവ് എൻജിനീയർ