മന്ത്രി​യുടെ വീട്ടി​ലെ ഫ്യൂസ് ഊരി​യ സംഭവം; കെ എസ് ഇ ബി ഉദ്യോഗസ്ഥർ പണി​ വാങ്ങാൻ സാദ്ധ്യത!

Wednesday 08 March 2023 12:52 AM IST

ചാരുംമൂട്: ബില്ല് അടച്ചിട്ടും മന്ത്രി പി. പ്രസാദിന്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ച നൂറനാട് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്കെതി​രെ നടപടി​ക്ക് സാദ്ധ്യത. ഹരിപ്പാട് ഡെപ്യൂട്ടി ചീഫ് എൻജിനീയർ എം.വി.മധു, മാവേലിക്കര അസി.എസ്കി​ക്യുട്ടി​വ് എൻജിനീയർ രാജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നൂറനാട് കെ.എസ്.ഇ.ബി ഓഫീസിലും മന്ത്രിയുടെ നൂറനാട്ടെ വീട്ടിലും ഇന്നലെ പരിശോധന നടത്തി. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടെന്നാണ് വി​വരം.

ഫെബ്രുവരി 24 ന് ബില്ലടച്ചിട്ടും, വിച്ഛേദിച്ച വൈദ്യുതി ദിവസങ്ങൾ കഴിഞ്ഞാണ് പുന:സ്ഥാപിച്ചത്. മാത്രവുമല്ല മന്ത്രിയുടെ വീടാണെന്ന് അറിയാമായിരുന്നിട്ടും അലസതയുണ്ടായി. വീട്ടിൽ വൈദ്യുതി എത്തിയോ എന്നത് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. വൈദ്യുതി ഇല്ലാത്തവിവരം മന്ത്രിയുടെ സുഹൃത്തായ പഞ്ചായത്തംഗം തിങ്കളാഴ്ച ഓഫീസിൽ അറിയിച്ച ശേഷമാണ് ലഭ്യമാക്കി​യതെന്നും അന്വേഷണത്തിൽ വ്യക്തമായി​. അന്വേഷണ റിപ്പോർട്ട് ചീഫ് എൻജിനീയർക്ക് കൈമാറി. ഇത് കെ.എസ്.ഇ.ബി ഡയറക്ടർക്ക് കൈമാറും. ഉദ്യോഗസ്ഥരുടെ വീഴ്ച ബോദ്ധ്യപ്പെട്ടതി​നാൽ ഉടൻ നടപടി​ ഉണ്ടാകുമെന്നാണ് സൂചന.