വിമാനാപകടത്തിൽ ഇന്ത്യൻ വംശജ കൊല്ലപ്പെട്ടു

Wednesday 08 March 2023 1:20 AM IST

ന്യൂയോർക്ക്: ന്യൂയോർക്കിലുണ്ടായ വിമാനാപകടത്തിൽ ഇന്ത്യൻ വംശജ കൊല്ലപ്പെട്ടു. റോമ ഗുപ്തയാണ് (63) മരിച്ചത്. ഇവരുടെ മകൾ റീവ ഗുപ്തയ്ക്കും (33)​ പൈലറ്റിനും ഗുരുതരമായി പരിക്കേറ്റു. ഇവർ ചികിത്സയിലാണ്. ഞായറാഴ്ചയായിരുന്നു സംഭവം. നാല് സീറ്റുകളുള്ള സിംഗിൾ എൻജിൻ പൈപ്പർ ചെറോക്കി വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നു റോമയും റീവയും. ലാൻഡിംഗിനു മുമ്പ് വിമാനത്തിന് തീ പിടിക്കുകയും തകർന്നു വീഴുകയുമായിരുന്നു. ഐലൻഡിലെ വീടുകൾക്കു സമീപമാണ് തകർന്നു വീണത്. സംഭവസ്ഥലത്തുവച്ചു തന്നെ റോമ ഗുപ്ത കൊല്ലപ്പെട്ടു.

ലോംഗ് ഐലൻഡിലെ റിപ്പബ്ലിക് വിമാനത്താവളത്തിലായിരുന്നു വിമാനം ഇറങ്ങേണ്ടിയിരുന്നത്. ഇതിനു തയ്യാറെടുക്കുന്നതിനിടെ തീ പിടിക്കുകയായിരുന്നു. കോക്പിറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ടതായി പൈലറ്റ് അറിയിച്ചിരുന്നെന്ന് ന്യൂയോർക്ക് ടിവി ചാനൽ റിപ്പോർട്ട് ചെയ്യുന്നു. ഈ വിവരം റിപ്പബ്ലിക് എയർപോർട്ട് എയർ ട്രാഫിക് കൺട്രോളേഴ്സിന് കൈമാറിയെങ്കിലും അപകടത്തിൽ നിന്ന് രക്ഷപ്പെടാനായില്ല. നാട്ടുകാരാണ് രക്ഷാപ്രവർത്തനം ആദ്യം നടത്തിയതെന്നും ഇരുവരേയും വിമാനത്തിൽ നിന്നും വലിച്ചെടുത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നെന്നും നോർത്ത് ലിൻഡൻഹർസ്റ്റ് ഫയർ ഡിപ്പാർട്ട്‌മെന്റ് ചീഫ് കെന്നി സ്റ്റാലോൻ പറഞ്ഞു.

രക്ഷപ്പെട്ടവർക്ക് ഗുരുതമായി പരിക്കേറ്റിട്ടുണ്ട്. ഭൂരിഭാഗവും പൊള്ളലേറ്റതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്താൻ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷണം നടത്തും. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനും അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. വിമാനത്തിന് സാങ്കേതിക പ്രശ്നങ്ങളുള്ളതായി റിപ്പോർട്ടില്ല.

അടുത്തിടെയും വിമാനത്തിൽ പരിശോധന നടത്തിയിരുന്നതാണെന്നും ഇതിനോടകം നിരവധി പരിശോധനകൾക്ക് വിമാനം വിധേയമായിട്ടുണ്ടെന്നും വിമാന ഉടമയുടെ അഭിഭാഷകൻ പറഞ്ഞു. കൂടുതൽ അന്വേഷണത്തിനായി വിമാനാവശിഷ്ടങ്ങളുടെ പരിശോധന നടത്തിവരുന്നു.