തുർക്കിയിൽ എർദോഗനെ വീഴ്‌ത്താൻ 'തുർക്കി ഗാന്ധി'

Wednesday 08 March 2023 12:28 AM IST

ഇസ്താംബുൾ: തുർക്കിയിൽ മേയിൽ നടക്കാനിരിക്കുന്ന പാർലമെന്റ്, പ്രസിഡൻഷ്യൽ തിരഞ്ഞടുപ്പുകളിലേക്ക് സ്ഥാനാർത്ഥിയെ നിശ്ചയിച്ച് പ്രതിപക്ഷം.

ഭൂചലനത്തെത്തുടർന്ന് തകർന്നടിഞ്ഞ തുർക്കിയിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് നിർണ്ണായകമാണ്. രണ്ട് ദശാബ്ദമായി തുർക്കി അടക്കി ഭരിക്കുന്ന പ്രസിഡന്റ് റജപ് തയ്യിപ് എർദോഗനെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷം രംഗത്തിറക്കിയത് 'തുർക്കി ഗാന്ധി' എന്നറിയപ്പെടുന്ന കെമാൽ ക്ലിറിച്ചിതാഗുവിനെയാണ്. മൂന്ന് പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയാണ് കെമാലിനുള്ളത്. മഹാത്മാ ഗാന്ധിയുമായുള്ള രൂപസാദൃശ്യം കൊണ്ടാണ് അദ്ദേഹത്തിന് തുർക്കി ഗാന്ധി എന്ന വിശേഷണം ലഭിച്ചത്. എർദഗോന്റെ ഏകാധിപത്യം അവസാനിപ്പിക്കുക, തകർന്നടിഞ്ഞ തുർക്കിയെ പുനരുജ്ജീവിപ്പിക്കുക തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രതിപക്ഷം മുന്നോട്ടുവയ്ക്കുന്നത്. മാത്രമല്ല, നാളുകളായി തുർക്കിയെ ബാധിച്ചിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറുക എന്നത് പ്രധാനമായത് കൊണ്ട് വരുന്ന തിരഞ്ഞെടുപ്പ് തുർക്കിയെ സംബന്ധിച്ച് പ്രധാനമാണ്. അതുകൊണ്ട് തന്നെ കെമാലിന്റെ വ‌ർദ്ധിച്ചുവരുന്ന ജനപിന്തുണ അനുകൂലമാകുമെന്നാണ് പ്രതിപക്ഷം കരുതുന്നത്.

സർക്കാർ ഉദ്യോഗസ്ഥനായിരുന്ന കെമാൽ, എർദോഗനെ അപേക്ഷിച്ച് വ്യത്യസ്തമായ പ്രവർത്തന ശൈലിയുള്ള നേതാവാണ്. 2010 മുതൽ 74 കാരനായ കെമാൽ റിപ്പബ്ലിക് പീപ്പിൾസ് പാർട്ടിയെ (സി.എച്ച്.പി) നയിക്കുന്നു. പാർട്ടിക്ക് കൃത്യമായ പാത നിർമ്മിച്ചത് അദ്ദേഹമാണ്. ന്യൂനപക്ഷങ്ങളെ കേൾക്കാനും അവരെ ചേർത്തു നിർത്താനും അദ്ദേഹത്തിന്റെ കീഴിൽ പാർട്ടിക്കു കഴിയുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. പ്രതിപക്ഷ സഖ്യം അധികാരത്തിലെത്തിയാൽ അഭിപ്രായ സമന്വയത്തിലൂടെയും കൂടിയാലോചനകളിലൂടെയും ഭരണം മുന്നോട്ടു കൊണ്ടുപോകുമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ പ്രചാരണം. മിതഭാഷിയും മികച്ച പ്രവർത്തന ശൈലിയുമുള്ള അദ്ദേഹം ഇതിന് പര്യാപ്തനാണെന്നാണ് പ്രതിപക്ഷം പറയുന്നത്.

ആധുനിക തുർക്കിയുടെ സ്ഥാപകനായി അറിയപ്പെടുന്ന മുസ്തഫ കെമാൽ അത്താതുർക്ക് രൂപീകരിച്ച രാജ്യത്തെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ പാർട്ടിയാണ് സി.എച്ച്.പി. 1990കളിൽ പാർട്ടിക്ക് അധികാരം നഷ്ടമായി. എന്നാൽ, കെമാൽ ക്ലിറിച്ചിതാഗുവിന്റെ നേതൃത്വത്തിൽ പാർട്ടി തിരിച്ചുവരവിന്റെ പാതയിലാണ്. ന്യൂനപക്ഷ വിഭാഗങ്ങളുടെ വിശ്വാസമാർജിച്ച അദ്ദേഹം പ്രതിപക്ഷ പാർട്ടികളുടെ സഖ്യമുണ്ടാക്കുന്നതിലും വിജയിച്ചു. വിമർശനങ്ങളോട് കടുത്ത അസഹിഷ്ണുത പുലർത്താറുള്ള ഉർദുഗാന് കനത്ത വെല്ലുവിളി ഉയർത്താൻ കെമാലിന് കഴിയുമെന്നാണ് വിലയിരുത്തൽ. പതിനായിരങ്ങളുടെ മരണത്തിനും കണക്കില്ലാത്തത്ര നാശനഷ്ടങ്ങൾക്കും കാരണമായ തുർക്കി ഭൂചലനത്തിനു

പിന്നാലെ എർദോഗൻ സർക്കാരിനെതിരെ രൂക്ഷവിമർശനമുയർന്നിരുന്നു. കെമാൽ ക്ലിറിച്ചിതാഗുവിന്റെ നേതൃത്വത്തിൽ എർദോഗനെതിരെ ശക്തമായ ആരോപണങ്ങൾ പ്രതിപക്ഷം ഉയർത്തിയിരുന്നു. അഴിമതി മൂലമാണ് രാജ്യത്തെ കെട്ടിടങ്ങളുടെ നിലവാരം ദയനീയമായതെന്നും ഇതാണ് അപകടം വർദ്ധിപ്പിച്ചതെന്നും അവർ ആരോപിച്ചു.

നീതിക്കു വേണ്ടിയുള്ള മാർച്ച്

നിശ്ശബ്ദ ശക്തി എന്നാണ് പൊതുവെ കെമാൽ അറിയപ്പെടുന്നത്. വർഷങ്ങളുടെ ശ്രമഫലനമായാണ് അദ്ദേഹം ഇപ്പോഴുള്ള തന്റെ സാന്നിദ്ധ്യം ശക്തമാക്കിയത്. പാർലമെന്റിലെ സി.എച്ച്.പി അംഗത്തെ ജയിലിലടച്ചതിൽ പ്രതിഷേധിച്ച് 2017ൽ അങ്കാറയിൽ നിന്ന് ഇസ്താംബുളിലേക്ക് നീതിക്കു വേണ്ടിയുള്ള മാർച്ച് നടത്തി. 2016ൽ പതിനായിരങ്ങളെ ജയിലിലാക്കുകയും അവരുടെ സർക്കാർ ജോലികൾ ഇല്ലാതാക്കുകയും ചെയ്തതിന്റെ പേരിൽ എർദോഗനെതിരെ നിരവധി പേർ അണിനിരന്നിരുന്നു. തുർക്കിയുടെ ധനകാര്യ സംവിധാനങ്ങളെക്കുറിച്ച് പഠക്കുകയും സാമൂഹ്യ സുരക്ഷാ സംവിധാനത്തിന് നേതൃത്വം നല്കുകയും ചെയ്തു. തുടർന്ന് എർദോഗനെതിരെയുള്ള ശക്തനായ നേതാവായി ഉയർന്നു. രണ്ട് വർഷത്തിന് ശേഷം അങ്കാറ, ഇസ്താംബുൾ തുടങ്ങി തുർക്കിയിലെ പ്രധാന നഗരങ്ങളിൽ അധികാരത്തിലെത്തി. അതും എർദഗോന്റെ പാർട്ടി 25 വർഷമായി ഭരിച്ചിരുന്ന സ്ഥലങ്ങൾ. എർദോഗന്റെ രാഷ്ട്രീയ പ്രഭാവലയത്തെ തകർത്ത ഈ അപ്രതീക്ഷിത വിജയങ്ങളുടെ പിൻബലത്തിൽ പ്രതിപക്ഷം ശക്തമായി.