ധാക്കയിൽ സ്ഫോടനം: 14 മരണം

Wednesday 08 March 2023 1:29 AM IST

ധാക്ക: ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിലെ ഗുലിസ്ഥാനിൽ ബഹുനില കെട്ടിടത്തിലുണ്ടായ സ്ഫോടനത്തിൽ 14 പേർ മരിച്ചു. നൂറിലധികം പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ഇവരെ ധാക്ക മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കെട്ടിടത്തിനുള്ളിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചതാണെന്ന് പ്രദേശവാസികൾ പറഞ്ഞു. രക്ഷാപ്രവർത്തനം തുടരുകയാണ്.മരണസംഖ്യ ഉയർന്നേക്കും. തിരക്കേറിയ സിദ്ദീഖ് ബസാറിലെ കെട്ടിടത്തിൽ ഇന്നലെ വൈകിട്ട് 4.50നായിരുന്നു സംഭവം. നിരവധി ഓഫീസുകളും സ്റ്റോറുകളുമുള്ള ഏഴു നില കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള സാനിറ്രേഷൻ സാധനങ്ങൾ വില്ക്കുന്ന കടയിൽ സ്ഫോടനമുണ്ടായെന്നാണ് അനുമാനം. സ്ഫോടനത്തിനു ശേഷം തീ പടർന്നു പിടിക്കുകയായിരുന്നു. വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സമീപത്തുണ്ടായിരുന്ന ബസിലെ യാത്രക്കാരും കാൽ നടയാത്രക്കാരും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു.

ഭീകരാക്രമണമാണോ അബദ്ധത്തിൽ നടന്ന സ്ഫോടനമാണോ എന്ന് അന്വേഷിച്ചുവരികയാണെന്ന് ധാക്ക മെട്രോപൊളിറ്രൻ പൊലീസ് കമ്മിഷണർ ഖണ്ഡകർ ഗോലം ഫാറൂഖ് പറഞ്ഞു.