കൊല്ലത്ത് എം ഡി എം എയുമായി മൂന്ന് യുവാക്കൾ പിടിയിൽ,​ ലഹരി കണ്ടെത്തിയത് വാഹനപരിശോധനയ്ക്കിടെ

Wednesday 08 March 2023 9:02 AM IST

കൊല്ലം: ചവറയിൽ 214 ഗ്രാം എം ഡി എം എയുമായി മൂന്ന് യുവാക്കൾ പിടിയിൽ. പുലർച്ചെ മൂന്നുമണിയോടെ നടന്ന വാഹനപരിശോധനയ്ക്കിടെയാണ് കുണ്ടറ സ്വദേശികളായ യുവാക്കൾ പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ പരിശോധന നടത്തുന്നതിനിടെ യുവാക്കളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് കൂടുതൽ തിരച്ചിൽ നടത്തിയതോടെ രാസലഹരി കണ്ടെത്തുകയായിരുന്നു. 34 ഗ്രാം കഞ്ചാവും കാറിൽ നിന്ന് കണ്ടെടുത്തു.

കുണ്ടറ സ്വദേശികളായ നജ്‌മൽ,​ സൈയ്‌ദാലി,​ അൽത്താഫ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അതേസമയം,​ തൊടുപുഴയിൽ കഴിഞ്ഞ ദിവസം രണ്ടിടങ്ങളിൽ നിന്നായി എം ഡി എം എയും കഞ്ചാവും പിടികൂടിയിരുന്നു. മുട്ടത്തു നിന്നും കരിമണ്ണൂരിൽ നിന്നുമാണ് ഇവ പിടിച്ചെടുത്തത്. കഴിഞ്ഞയാഴ്ച മലപ്പുറത്തും എം ഡി എം എയുമായി മൂന്ന് യുവാക്കൾ അറസ്റ്റിലായിരുന്നു. മലപ്പുറം കോണോംപാറ സ്വദേശി പുതുശ്ശേരി വീട്ടില്‍ റിയാസ് (31), മലപ്പുറം പട്ടര്‍കടവ് സ്വദേശികളായ പഴങ്കരകുഴിയില്‍ നിശാന്ത് (23), മുന്നൂക്കാരന്‍ വീട്ടില്‍ സിറാജുദ്ദീന്‍ (28) എന്നിവരെയാണ് എക്‌സൈസ് സംഘം മഞ്ചേരി തുറക്കലില്‍ നിന്നും പിടികൂടിയത്.