അയൽസംസ്ഥാനത്തെ  പുതിയ എക്‌സ്‌പ്രസ് ഹൈവേയിലൂടെ യാത്ര ചെയ്യുന്നവർ സൂക്ഷിക്കുക, കവർച്ചാസംഘത്തിൽ നിന്നും മലയാളി രക്ഷപ്പെട്ടത്  തല നാരിഴയ്ക്ക് 

Wednesday 08 March 2023 10:45 AM IST

പനമരം: യുവാവിനെ കർണ്ണാടകയിൽ മർദിച്ച് പണം കവരാൻ ശ്രമിച്ചതായി പരാതി. പനമരം പൂവത്താൻ കണ്ടി അഷറഫ് (48) ന് നേരെയാണ് ആക്രമണമുണ്ടായത്. പനമരത്തെ മെഴുകുതിരി കമ്പനിയിലേക്ക് മെഴുക് എടുക്കാൻ ബംഗ്ലൂരിലേക്ക് പോകും വഴിയാണ് കവർച്ച സംഘം ആക്രമിച്ചത്. കർണ്ണാടക പുതിയ എക്സ്പ്രസ് ഹൈവേയിലാണ് സംഭവം. തല നാരിഴക്കാണ് താൻ രക്ഷപ്പെട്ടതെന്ന് അഷറഫ് പറയുന്നു. ഞായറാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം.

ആറുവരിപ്പാതയുടെ അരികിലായി മൂത്രമൊഴിക്കാനായി പിക്കപ്പ് ജീപ്പ് നിർത്തിയപ്പോഴാണ് നാലംഗ സംഘം ആയുധങ്ങളുമായി എത്തിയത്. കഴുത്തിൽ കത്തിവെച്ചതോടെ എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്നായി. പോക്കറ്റിൽ ഉണ്ടായിരുന്ന കുറച്ചു പണം സംഘം മോഷ്ടിച്ചു. രക്ഷപ്പെടാനായി അതിശക്തിയിൽ വാഹനത്തിന്റെ ഡോർ തുറന്നതോട് രണ്ടുപേർ തെറിച്ചു വീണു. വാഹനത്തിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വണ്ടിയുടെ ഗ്ലാസ് അടിച്ചു തകർത്തു. വീണ്ടും കത്തി കഴുത്തിൽ വച്ചു. ഇതിനിടയിൽ ഭാഗ്യത്തിന് മറ്റൊരു വാഹനം എത്തിയതോടെ കവർച്ചാസംഘം ഓടി രക്ഷപ്പെട്ടു.

ആ വാഹനം എത്തിയില്ലായിരുന്നുവെങ്കിൽ താൻ ജീവനോട് ഉണ്ടാകുമായിരുന്നില്ലെന്ന് അഷറഫ് പറയുന്നു. കർണാടകയിൽ മലയാളികൾക്ക് നേരെ ഇത്തരത്തിൽ നിരവധിതവണ ആക്രമണം നടന്നിട്ടുണ്ട്. തോക്ക് ചൂണ്ടിയും കത്തി കാണിച്ചും ഭീഷണിപ്പെടുത്തിയാണ് കവർച്ചാസംഘം പണവും വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിക്കുന്നത്. പലപ്പോഴും പൊലീസ് കാഴ്ചക്കാരാവുകയാണ്. കേരളത്തിലെ കച്ചവടക്കാർ ഉൾപ്പെടെ ഇത്തരത്തിൽ ഇരയാകാറുണ്ട്.