'അനധികൃതമായി രാജ്യത്തേയ്ക്ക് കടന്നാൽ', കുടിയേറ്റക്കാർക്ക് കടുത്ത മുന്നറിയിപ്പുമായി ഋഷി സുനക്

Wednesday 08 March 2023 11:38 AM IST

ലണ്ടൻ: രാജ്യത്തേയ്ക്കുള്ള അനധികൃത കുടിയേറ്റം തടയാൻ പുതിയ പ്രഖ്യാപനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. യു കെയിൽ അനധികൃതമായി പ്രവേശിക്കുന്നവർക്ക് അഭയം ലഭിക്കില്ലെന്ന് ഋഷി സുനക് പറഞ്ഞു. അനധികൃത കുടിയേറ്റ ബിൽ എന്ന് വിളിക്കപ്പെടുന്ന കരട് നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന കാര്യങ്ങളാണ് പ്രധാനമന്ത്രി ട്വീറ്റിലൂടെ വ്യക്തമാക്കിയത്.

നിങ്ങൾ നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചാൽ ഇവിടെ അഭയം തേടാൻ കഴിയില്ല. രാജ്യത്തെ ആധുനിക അടിമത്ത സംരക്ഷണ നിയമങ്ങളിൽ നിന്ന് പ്രയോജനം നേടാനാകില്ല. വ്യാജമായ മനുഷ്യാവകാശ വാദങ്ങൾ ഉന്നയിക്കാനാകില്ല. നിങ്ങൾക്ക് ഇവിടെ തുടരാനും കഴിയില്ലെന്ന് ഋഷി സുനക് ട്വീറ്റ് ചെയ്തു.

കരട് നിയമപ്രകാരം, യുകെ യിലെയും യൂറോപ്യൻ മനുഷ്യാവകാശ നിയമത്തിലെയും മറ്റ് അവകാശങ്ങളെ അട്ടിമറിച്ച് അനധികൃതമായി പ്രവേശിക്കുന്ന എല്ലാ കുടിയേറ്റക്കാരെയും നാടുകടത്താനുള്ള പുതിയ നിയമപരമായ ചുമതല ആഭ്യന്തര മന്ത്രി സുല്ല ബ്രാവർമാന് നൽകും.

അനധികൃതമായി യു കെയിൽ എത്തുന്നവരെ കസ്റ്റഡിയിലെടുക്കും. പിന്നാലെ ആഴ്ചകൾക്കുള്ളിൽ അവരെ അവരുടെ സ്വന്തം രാജ്യത്തേയ്ക്ക് തിരിച്ചയയ്ക്കും. അല്ലെങ്കിൽ റ്വാൻഡ പോലുള്ള രാജ്യങ്ങളിലേയ്ക്ക് അയയ്ക്കും. അമേരിക്കയിലോ ഓസ്ട്രേലിയയിലോ നിന്നുള്ള അനധികൃത കുടിയേറ്റക്കാർക്ക് പിന്നീടൊരിക്കലും ബ്രിട്ടനിൽ പ്രവേശിക്കാനാകില്ല. നിലവിലെ അന്തരീക്ഷം ധാർമികമോ സുസ്ഥിരമോ അല്ല. ഇത് തുടരാനാവില്ല. മാത്രമല്ല, അനധികൃത കുടിയേറ്റങ്ങൾ കാരണം അഭയസ്ഥലങ്ങൾ നിറഞ്ഞുകവിയുന്നതിനാൽ രാജ്യത്ത് വരാൻ ഏറ്റവും ആവശ്യമുള്ളവർക്ക് പോലും അതിന് കഴിയാതിരിക്കുന്നത് അനീതിയാണ്. ചെറുവള്ളങ്ങളിൽ ഇംഗ്ളീഷ് ചാനൽ കടക്കുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും ഋഷി സുനക് പറഞ്ഞു. കഴിഞ്ഞവർഷം മാത്രം 45,000ൽ അധികം പേരാണ് ചെറുവള്ളങ്ങളിലായി യു കെയിലെത്തിയത്.

Advertisement
Advertisement