സാധാരണക്കാരനായ പച്ചക്കറി വ്യാപാരിയുടെ അക്കൗണ്ടിൽ 172 കോടി,  സംഭവം പുറത്തറിഞ്ഞത് അന്വേഷിക്കാൻ ഇൻകം ടാക്സ് എത്തിയപ്പോൾ  

Wednesday 08 March 2023 3:35 PM IST

ലക്നൗ : യു പിയിലെ സാധാരണക്കാരനായ പച്ചക്കറി വ്യാപാരി വിജയ് റസ്‌തോഗിയുടെ അക്കൗണ്ടിൽ 172 കോടിയുടെ പണമെത്തി. അസാധാരണമായ ഇടപാടുകളുള്ള ആറ് അക്കൗണ്ടുകളിൽ ഏറെ നാളായി ഇൻകം ടാക്സ് ഉദ്യോഗസ്ഥർ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പച്ചക്കറിക്കടക്കാരനെ തേടി ഉദ്യോഗസ്ഥർ എത്തിയത്. എന്നാൽ തന്റെ അക്കൗണ്ടിൽ 172 കോടി എങ്ങനെ എത്തിയെന്നതിനെ കുറിച്ച് വിശദീകരിക്കാൻ വ്യാപാരിക്കായില്ല. ഗാസിപൂർ ജില്ലയിലെ മൈഗർ റായ്പട്ടി പ്രദേശത്തെ ഗ്രാമത്തിലാണ് ഇയാൾ താമസിക്കുന്നത്.

കോടികൾ എത്തിയ അക്കൗണ്ട് തന്റെയല്ലെന്നും, തന്റെ രേഖകൾ ഉപയോഗിച്ച് മറ്റാരെങ്കിലും തുറന്ന അക്കൗണ്ടാവാമെന്നുമാണ് സംഭവത്തെ കുറിച്ച് വിജയ് റസ്‌തോഗിയുടെ വിശദീകരണം. അതേസമയം പൊലീസും, അദായ നികുതി ഉദ്യോഗസ്ഥരും പല തവണ ഇയാളെ ചോദ്യം ചെയ്തതായാണ് ലഭിക്കുന്ന വിവരം. അതേസമയം റസ്‌തോഗിയുടെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചവരെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഐ ടി അധികൃതർ ഡിജിറ്റൽ മണി ട്രാൻസ്ഫർ ഏജൻസിയോട് വിശദീകരണം തേടി.